ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ ഇനി ഇലക്‌ട്രോണിക് മാലിന്യരഹിതം

മലയാലപ്പുഴ: ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അഞ്ച് ടണ്‍ ഇലക്‌ട്രോണിക് മാലിന്യം ശേഖരിച്ച് പുനസംസ്‌കരണത്തിനായി സംസ്ഥാന  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍കേരള കമ്പനിക്ക് കൈമാറി.
പത്തനംതിട്ട സിവില്‍ സ്‌റ്റേഷനിലെ ഓഫിസുകളില്‍ നിന്നും 3.5 ടണ്‍ ഇവേസ്റ്റ് ശേഖരിച്ച് കൈമാറിയ മാതൃകയിലാണ് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കലക്ടര്‍ ആര്‍ ഗിരിജയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി.  ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നും മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ എത്തിച്ച ഉപയോഗരഹിതമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യു ജോണിന്റെ നേതൃത്വത്തില്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ സി പി സുനില്‍ നേതൃത്വം നല്‍കി. ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ കി.ഗ്രാമിന് 10 രൂപ നിരക്കില്‍ വില നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുന്നത്. ഇതിലൂടെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ സ്ഥലം നഷ്ടപ്പെടുത്തിയിരുന്ന ഉപയോഗശൂന്യമായ ഇവേസ്റ്റ് സുരക്ഷിതമായി നീക്കം ചെയ്യാന്‍ സാധിച്ചു.
മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാല്‍, എം സി ദിലീപ് കുമാര്‍ സന്നിഹിതരായിരുന്നു.
ഗ്രാമപ്പഞ്ചായത്തുകളുടെ ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ സംരംഭം വീടുകളില്‍ നിന്നും ഇലക്‌ട്രോണിക് പാഴ് വസ്തുക്കള്‍  ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന്റെ തുടക്കമാണിത്.

RELATED STORIES

Share it
Top