ജില്ലയിലെ അവസാന ദുരിതാശ്വാസ ക്യാംപ് ഇന്ന് ഒഴിയും

പൊന്നാനി: ജില്ലയിലെ അവസാന ക്യാംപ് ഇന്ന് അവസാനിക്കും. ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ കടലാസില്‍ മാത്രമായൊതുങ്ങി. പ്രളയംമൂലം വീട് നഷ്ടമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന ജില്ലയിലെ അവസാന കുടുംബവും ഇന്ന് താല്‍ക്കാലിക വീട്ടിലേക്ക് മടങ്ങും. പ്രളയം സര്‍വവും കവര്‍ന്നെടുത്തതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചവര്‍ക്ക് ആശ്വാസ തുകയായി ആകെ ലഭിച്ചത് വെറും 10,000 രൂപ മാത്രമാണ്.
ജില്ലയില്‍ പൊന്നാനി ഈഴുവത്തിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ദുരിതാശ്വാസ കേന്ദ്രമായിരുന്നു അവസാന ക്യാംപ്. നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകമ്പാടം എരഞ്ഞിമങ്ങാട് യതീംഖാനയിലെ ക്യാംപിലുള്ളവര്‍ ഒരാഴ്ച മുമ്പുതന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു. ഒരാഴ്ച മുമ്പ് പൊന്നാനിയിലെ ദുരിതാശ്വാസ ക്യാംപില്‍ 15 കുടുംബങ്ങളിലെ 11 പുരുഷന്‍മാരും, 21 സ്ത്രീകളും 18 കുട്ടികളുമടക്കം 50 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഓരോരുത്തരായി വീടുകളിലേക്ക് മടങ്ങി. ഇതിനിടെ ക്യാംപിലുള്ളവരെ വീടുകളിലേക്ക് മടങ്ങാന്‍ അധികൃര്‍ നിര്‍ബന്ധിക്കുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍, പല വീടുകളും ഇപ്പോഴും വാസയോഗ്യമായിട്ടില്ലെന്നാണ് ക്യാംപില്‍ കഴിഞ്ഞിരുന്നവരുടെ പരാതി.
സര്‍ക്കാര്‍ സഹായങ്ങളില്ലാതെ സന്നദ്ധ സംഘടനകളുടെ കനിവിലാണ് പല വീടുകളുടെ അറ്റകുറ്റപ്പണികളും പുനര്‍ നിര്‍മാണവും നടന്നത്. വാസയോഗ്യമല്ലാതായ വീട്ടുകാര്‍ക്ക് വാടക വീടുകള്‍ ഏര്‍പ്പാടാക്കുമെന്ന് അധികൃതര്‍ ആദ്യം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇത് പ്രഖ്യാപനം മാത്രമായി മാറി. പൊന്നാനി പിസിഡബ്യൂഎഫിന്റെ നേതൃത്വത്തില്‍ വീട് നഷ്ടമായവര്‍ക്കായി താല്‍ക്കാലിക ഷെഡ്ഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പതിമൂന്നോളം താല്‍ക്കാലിക വീടുകളാണ് ഇവര്‍ നിര്‍മിക്കുന്നത്. ഇതാണ് അല്‍പ്പമെങ്കിലും ആശ്വാസമായിട്ടുള്ളത്.

RELATED STORIES

Share it
Top