ജില്ലയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു

മഞ്ചേരി: അഭിഭാഷകന് പോലിസ് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചതോടെ ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം നാമമാത്രമായി. ന്യായാധിപരും മറ്റു ജീവനക്കാരും മാത്രമാണ് കോടതികളിലെത്തിയത്. അഭിഭാഷകരുടെ അഭാവത്തില്‍ പരിഗണിച്ച ഭൂരിഭാഗം കേസുകളും മാറ്റിവച്ചു.
മലപ്പുറത്തെ അഭിഭാഷകനായ അബ്ദുല്‍ വഹാബിനെ കോട്ടക്കല്‍ പോലിസ് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എടരിക്കോട് വാളക്കുളം സ്വദേശികളായ രണ്ടു കുട്ടികളെ സ്‌റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയോഗിച്ച അഭിഷക കമ്മീഷനായിരുന്നു വഹാബ്. കോടതി നിര്‍ദേശപ്രകാരം വിവരമന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ വിനോദും മറ്റു പോലിസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. കോടതികള്‍ ബഹിഷ്‌കരിച്ച അഭിഭാഷകര്‍ പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ജില്ലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, അഭിഭാഷകന് പോലിസ് മര്‍ദനമേറ്റെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെട്ടു. കോടതി നിയമിച്ച അഭിഭാഷക കമ്മീഷന് മര്‍ദനമേറ്റ വിഷയത്തില്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് രജിസ്ട്രാര്‍ ഇന്നെത്തും. മഞ്ചേരിയിലും മലപ്പുറത്തുമെത്തിയാണ് തെളിവെടുപ്പും അന്വേഷണവും നടക്കുക. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഹൈകോടതി ചീഫ് ജസ്റ്റിസ്, സീനിയര്‍ ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണത്തിനായി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയത്.
അതിനിടെ അഭിഭാഷകന്റെ പരാതിയില്‍ കോട്ടക്കല്‍ പോലിസ് സ്റ്റേഷനിലെ ആരോപണ വിധേയരായ എസ്‌ഐ, പോലിസുകാര്‍ എന്നിവര്‍ക്കെതിരേ മലപ്പുറം സിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top