ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നേടിയെടുത്തത് അംബാനി നേരിട്ടെത്തി

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷഠപദവി ലഭിക്കാന്‍ മുകേഷ് അംബാനി തന്നെ നേരിട്ടിറങ്ങി. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന എന്‍ ഗോപാലസ്വാമി അധ്യക്ഷനായ എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് (ഇഇസി) കമ്മിറ്റിക്ക് മുന്നില്‍ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി എത്തിയ എട്ടംഗസംഘത്തെ നയിച്ചത് മുകേഷ് അംബാനിയായിരുന്നു.
വിദ്യാഭ്യാസ വിദഗ്ധനും മാനവ വിഭവശേഷി വകുപ്പു മുന്‍  സെക്രട്ടറിയുമായ വിനയ്ശീല്‍ ഒബ്‌റോയിയും അംബാനിയോടൊപ്പമുണ്ടായിരുന്നു. സ്ഥാപനത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും മുകേഷ് അംബാനി തന്നെയാണ് ഇഇസിക്കു മുന്നില്‍ ഉത്തരം നല്‍കിയത്. തന്റെ സ്വപ്‌ന പദ്ധതിയായ ജിയോ ഇന്‍സ്റ്റിറ്റിയൂ—ട്ട് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി അംബാനി യുപിഎ സര്‍ക്കാരിനെയും സമീപിച്ചിരുന്നുവെന്നാണു റിപോര്‍ട്ട്. അതേസമയം, മോദി-അംബാനി കൂട്ടുകെട്ടിന്റെ ഭാഗമായാണു റിലയന്‍സിന്റെ ഉടമസ്ഥതയില്‍ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിനു ശ്രേഷ്ഠപദവി നല്‍കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
അതിനിടെ, ശ്രേഷ്ഠഭാഷാ പദവിക്കായുള്ള ചട്ടങ്ങള്‍ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് അനുകൂലമായി തയ്യാറാക്കിയതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  രാജ്യത്തെ  ജെഎന്‍എയുവിനെയും കേന്ദ്ര സര്‍വകലാശാലകളെയും തള്ളിയാണു സ്വകാര്യ മേഖലയില്‍ നിന്നു തുടങ്ങാനിരിക്കുന്ന (ഗ്രീന്‍ ഫീല്‍ഡ്) സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തി ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയത്.

RELATED STORIES

Share it
Top