ജിപിഎസ് കണ്‍ട്രോള്‍ പോയിന്റുകള്‍ മാറ്റരുത്: സര്‍വേ ഡയറക്ടര്‍തൊടുപുഴ: സര്‍വേ, ഭൂരേഖ വകുപ്പിന് കീഴില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ മുഖേന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ ഭൂമിയിലും കെട്ടിടങ്ങളുടെ മുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ജി.പി.എസ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാനം മാറ്റാനോ നശിപ്പിക്കാനോ പാടില്ലെന്ന് സര്‍വെ ഡയറക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ പോയിന്റുകള്‍ വകുപ്പിന്റെയും സര്‍ക്കാരിന്റെയും വിവിധ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളായ റോഡ്, തോട്, ഡ്രെയിനേജ് തുടങ്ങിയവയുടെ പ്ലാനിംഗ് വര്‍ക്കിനും ഇലക്ട്രിസിറ്റി ലൈന്‍, കേബിള്‍ലൈന്‍ എന്നിവയ്ക്കുള്ള പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും മാപ്പുകള്‍ ഡബ്ല്യൂ.ജി.എസ് 84 സിസ്റ്റത്തിലേക്ക് മാറ്റുന്നതിനും, പൈപ്പ്‌ലൈനുകളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും ഗൂഗിള്‍ മാപ്പ്/ സാറ്റലൈറ്റ് മാപ്പ് എന്നിവയുടെ സഹായത്താല്‍ ടൗണ്‍ പ്ലാനിംഗ് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും അത്യാവശ്യമാണ്. പബ്ലിക് വാട്ടര്‍ മാപ്പുകള്‍, ഇലക്ട്രിസിറ്റി പോസ്റ്റുകള്‍, ഹോസ്പിറ്റല്‍, സ്‌കൂള്‍, സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുളങ്ങള്‍, കിണര്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബസ് സ്‌റ്റോപ്പ്/ സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, കോളേജുകള്‍, അംഗന്‍വാടികള്‍, ഗസ്റ്റ്ഹൗസ്, ഓഫീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ ലാബുകള്‍, റോഡ് സിഗ്‌നലുകള്‍, ടോള്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മാവേലി സ്‌റ്റോറുകള്‍ എന്നിവയുടെ സ്ഥാനം ജിയോഡറ്റിക് മാപ്പില്‍ രേഖപ്പെടുത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ പോയിന്റുകള്‍ ആവശ്യമാണ്. ഏതെങ്കിലും കാരണവശാല്‍ പോയിന്റുകള്‍ മാറ്റി സ്ഥാപിക്കേണ്ട പക്ഷം സര്‍വേ ഡയറക്ടറുടെ അനുവാദത്തോടെ മാത്രമേ അവ മാറ്റി സ്ഥാപിക്കാന്‍ പാടുള്ളൂവെന്നും സര്‍വേ ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top