ജിനുമരിയക്ക് വീട് നിര്‍മിക്കാന്‍ നാടൊരുമിക്കുന്നു

മൂവാറ്റുപുഴ: ഹൈജമ്പ് താരം മൂവാറ്റുപുഴ പുളിന്താനം സ്വദേശിനി ജിനു മരിയ മാനുവലിന് സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. ജിനു മരിയക്ക് സ്വന്തമായി വീടില്ലെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ സ്ഥാപനം, സൗജന്യമായി വീട് നിര്‍മിച്ച് നല്‍കാന്‍ തയാറായി എല്‍ദോ എബ്രഹാം എംഎല്‍എയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ വീട് നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമാക്കുന്നതിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ പോത്താനിക്കാട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം ചേ ര്‍ന്നത്. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ വര്‍ഗീസ് അധ്യഷത വഹിച്ചു. സ്ഥലം കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതി ഭാരവാഹികളായി എല്‍ദോ എബ്രഹാം എംഎല്‍എ രക്ഷാധികാരിയായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ ചെയര്‍മാനും വൈസ് പ്രസിഡന്റ് സജി കെ വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ ടി അബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിന്‍സന്‍ ഇല്ലിക്കല്‍ എന്നിവരെ വൈസ് ചെയര്‍മാന്മാന്‍മാരായും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളുമായി തിരഞ്ഞെടുത്തു. ഉടന്‍ തന്നെ ഭൂമി കണ്ടെത്തി നല്‍കി വീട് നിര്‍മാണം ആരംഭിക്കാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top