ജിഎസ് ടി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ല : തോമസ് ഐസക്തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണു നടക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കുക വഴി ചില നേട്ടങ്ങളുണ്ട്. എന്നാല്‍, ഇത് സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് നേട്ടമുണ്ടായില്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്തിനും അത് നേട്ടമാവില്ല. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഈ സഭയില്‍ ചര്‍ച്ചനടത്തി നിയമനിര്‍മാണം നടത്താനാവാത്തതില്‍ തനിക്ക് ഖേദമുണ്ട്. ജിഎസ്ടി ചര്‍ച്ചചെയ്യുന്നതിനായി പ്രത്യേക സഭാസമ്മേളനം നടത്താനാവുമോയെന്ന് അടുത്ത മന്ത്രിസഭ യോഗം വിശദമായി പരിശോധിക്കുമെന്നും വിഡി സതീശന്റെ ചോദ്യത്തിന് ധനമന്ത്രി മറുപടി നല്‍കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ധനവകുപ്പിലെ 1,517 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ സാങ്കേതിക പരിശീലനം പുരോഗമിക്കുന്നു. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളില്‍ വാണിജ്യനികുതി വകുപ്പും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസുമായി ചേര്‍ന്ന് ജനങ്ങള്‍ക്കായി ജിഎസ്ടി നിയമത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിക്കും. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിവരുന്ന വിനോദനികുതിക്ക് തടസ്സമുണ്ടാവില്ല. എന്നാല്‍, ജിഎസ്ടിയിലെ വിനോദനികുതി നിരക്ക് നിലവിലെ നികുതിനിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വിനോദനികുതിക്ക് പുറമേ ജിഎസ്ടിയും ഈടാക്കാം. ജിഎസ്ടിയില്‍ ലോട്ടറിയുടെ നികുതി 28 ശതമാനമായി നിലനിര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. വില്‍പനവിലയുടെ 40 ശതമാനം സമ്മാനത്തിനും 30 ശതമാനം എജന്റ്മാര്‍ക്ക് കമ്മീഷനും 28 ശതമാനം നികുതിയുമായി മാറുന്നു. രണ്ടു ശതമാനം മാത്രമായിരിക്കും ലാഭം ഉണ്ടാവുക. ഇതിലൂടെ പേപ്പര്‍ ലോട്ടറി രംഗത്തേക്കുള്ള ലോട്ടറി മാഫിയയുടെ കടന്നുവരവിനെ ചെറുക്കാനാവും. അതുകൊണ്ടാണ് ലോട്ടറിക്ക് 28 ശതമാനം നികുതി വേണമെന്ന് സംസ്ഥാനം കടുത്ത നിലപാട് സ്വീകരിക്കുന്നത്.  2016-17ല്‍ സെയില്‍ടാക്‌സ് ചെക്‌പോസ്റ്റുകളിലെ വരുമാനം 1036.90 കോടി രൂപയായിരുന്നെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57.38 കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top