ജിഎസ്ടി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു: പിണറായി

കൊല്ലം:ജിഎസ്ടി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ജില്ലാ സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് ഉദ്ദേശിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ല. അത് സാമ്പത്തികമായി ബാധിച്ചു. ജിഎസ്ടിയെ എതിര്‍ത്തപ്പോഴും സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ മൗലികമായ ആശയങ്ങള്‍ പലതും വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷത, ഫെഡറലിസം, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയ്‌ക്കെല്ലാം എതിരാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരേ ഉയരുന്ന ശക്തമായ പ്രക്ഷോഭത്തെ ജാതിമത വികാരം ഉയര്‍ത്തിക്കാട്ടി, അതുവഴി ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയ കാഴ്ചപ്പാടില്‍ വലിയതോതില്‍ വെല്ലുവിളിക്കപ്പെടുന്നു. നവോഥാന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഉല്‍പതിഷ്ണുക്കളെ കൊലപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന്റെ രാഷ്ട്രീയം ഊതിപ്പെരുപ്പിക്കുന്നു. നാടിന്റെ സൈ്വര്യവും സമാധാനവും തകര്‍ക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുമാണ് ശ്രമം. അസഹിഷ്ണുതയും ദലിത്‌വേട്ടയും വര്‍ധിച്ചു. പാര്‍ലമെന്ററി സംവിധാനം ഉപേക്ഷിച്ചാല്‍ എന്തെന്ന ചിന്തയാണ് കേന്ദ്രഭരണത്തെ മുന്നോട്ടുനയിക്കുന്നവരില്‍ ഉള്ളത്. സംയുക്ത തൊഴിലാളി പ്രക്ഷോഭങ്ങളില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കുന്നത് ആര്‍എസ്എസ് ഭയപ്പെടുത്തിയതുമൂലമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ സംവരണം തന്നെ അട്ടിമറിക്കപ്പെടുന്നു. കിട്ടാക്കടങ്ങള്‍ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമ്പോള്‍ അത് പരിഹരിക്കാന്‍ സാധാരണക്കാരുടെ നിക്ഷേപങ്ങളെ കരുവാക്കുകയാണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത് വികസന നയങ്ങളാണ്. ചില പദ്ധതികള്‍ നടപ്പാക്കേണ്ടിവരുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. പൊതുവായ താല്‍പ്പര്യം നിലനിര്‍ത്തി അവയെ അഭിമുഖീകരിക്കേണ്ടിവരും. എങ്കിലും അത്തരമാളുകളെ സര്‍ക്കാര്‍ കൈവിടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.മാര്‍ക്‌സിസത്തിന്റെ ശക്തി എതിര്‍ക്കുന്നവര്‍ക്കടക്കം ബോധ്യപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരേ നില്‍ക്കുന്ന രാഷ്ട്രങ്ങളെ തച്ചുതകര്‍ക്കാനാണ് യുഎസിന്റെ ശ്രമം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടുപോകുന്നു. എന്നാല്‍ ചേരിചേരാനയം ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ എന്ന അച്ചുതണ്ട് രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനസമിതി അംഗം കെ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ വരദരാജന്‍, വൈക്കം വിശ്വന്‍, ഇ പി ജയരാജന്‍, പി കരുണാകരന്‍, എം സി ജോസഫൈന്‍, പി കെ ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എംഎം മണി, ജെ മേഴ്‌സിക്കുട്ടിയമ്മ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും.

RELATED STORIES

Share it
Top