ജിഎസ്ടി : കേരളം തയ്യാര്‍ ; ഉദ്ഘാടനം ജൂലൈ ഒന്നിന്തിരുവനന്തപുരം: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കാന്‍ സംസ്ഥാനം പൂര്‍ണമായി തയ്യാറായെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യാപാരികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ഇതിലെ പ്രധാന കടമ്പ. ഇത് ഏകദേശം 75 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. ഇതിന്റെ ചട്ടങ്ങള്‍ ദിവസങ്ങള്‍ക്കകം പുറത്തിറങ്ങും. നികുതിഘടന സംബന്ധിച്ചു ചില കാര്യങ്ങളില്‍ കൂടി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാനുള്ളതിനാലാണ് ചട്ടങ്ങള്‍ വൈകുന്നത്. ജിഎസ്ടി ജൂലൈ ഒന്നിന് തന്നെ കേരളത്തിലും പ്രാബല്യത്തില്‍ വരും. ഔപചാരിക ഉദ്ഘാടനം എറണാകുളം ലേ മെറിഡിയനില്‍ നടത്തും. ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിദഗ്ധര്‍ ചടങ്ങില്‍ മറുപടി നല്‍കും. ചോദ്യങ്ങള്‍ മുന്‍കൂട്ടി വകുപ്പിന്റെ മെയിലില്‍ നല്‍കാന്‍ സംവിധാനമുണ്ടാവും.പുതിയ വ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 25 മുതല്‍ പോര്‍ട്ടലുകള്‍ തുറന്നുകൊടുക്കും. ഇനി രജിസ്‌ട്രേഷനെടുക്കാന്‍ ശേഷിക്കുന്നത് 20 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരും ഒറ്റത്തവണ വാറ്റ് രജിസ്‌ട്രേഷന്‍ നേടിയവരുമാണ്. നികുതിസമ്പ്രദായത്തിലെ മാറ്റത്തിന്റെ ഭാഗമായി ജൂലൈയിലെ റിട്ടേണുകള്‍ ആഗസ്ത് 10 വരെ നല്‍കാം. ആഗസ്തിലേത് സപ്തംബര്‍ 20നകം നല്‍കിയാല്‍ മതി. റിട്ടേണ്‍ സോഫ്റ്റ്‌വെയര്‍ സമ്പൂര്‍ണമായിട്ടില്ല. അത് ഉടന്‍ പരിഹരിക്കും. ജിഎസ്ടി നിലവില്‍വരുന്നതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 20 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി നികുതിവരുമാനത്തില്‍ 10 ശതമാനം വീതമാണ് വര്‍ധനയുണ്ടായിരുന്നത്. നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ജിഎസ്ടി കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്.നിശ്ചയമായും നികുതി ചുമത്തുന്നതിനുള്ള അധികാരം സംസ്ഥാനത്തിന് നഷ്ടമായി. എന്നാല്‍, ഇത് അനിവാര്യമായ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. നികുതിഭരണം സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റുന്നതിന് ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. ജിഎസ്ടിയിലൂടെ, എവിടെയാണോ സാധനം വില്‍ക്കുന്നത് അവിടെയാണ് നികുതി ലഭിക്കുക. അതുകൊണ്ടു തന്നെ എവിടെപ്പോയി സാധനം വാങ്ങിയാലും മേല്‍വിലാസം പറഞ്ഞു ബില്ല് വാങ്ങിയാല്‍ അതിന്റെ നികുതി കേരളത്തിന് തന്നെ ലഭിക്കും. വിനോദ നികുതി പിരിക്കുന്നതിനുള്ള അവകാശം തദ്ദേശസ്ഥാപനങ്ങള്‍ക്കു നഷ്ടമായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് നിലവില്‍ ലഭ്യമാവുന്ന തുക സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കും. നാലുവര്‍ഷത്തിനകം വരുന്ന ആറാം ധനകാര്യ കമ്മീഷനില്‍ ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ വന്നേക്കുമെന്നും ധനമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top