ജിഎസ്ടി ഉപസമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു

ന്യൂഡല്‍ഹി: പഞ്ചസാരയ്ക്കു സെസ് ചുമത്തുന്നതു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജിഎസ്ടി ഉപസമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു. സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ ശക്തമായി എതിര്‍ത്തു. സെസ് സംബന്ധിച്ച തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ വസ്തുതകള്‍ ഹാജരാക്കുന്നതിനു ഭക്ഷ്യ, നിയമ, ജിഎസ്ടി വകുപ്പുകളോട് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നു യോഗത്തിനു ശേഷം തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. പഞ്ചസാര സെസ് സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് അധികാരമുണ്ടോയെന്നതും ചര്‍ച്ചയായെന്നു ധനമന്ത്രി പറഞ്ഞു. പഞ്ചസാര വ്യവസായത്തിനു മുമ്പ് ഏതു രീതിയിലാണു പിന്തുണ നല്‍കിയിരുന്നതെന്നതു പരിശോധിക്കും.
നേരത്തെ 500 മുതല്‍ 2800 കോടി രൂപ വരെയായിരുന്നു സെസ് വരുമാനം. ആ പണം ഉപയോഗിച്ചു സബ്‌സിഡി നല്‍കാനാവില്ല. സെസ് ഏര്‍പ്പെടുത്തുന്നതല്ലാതെ മറ്റു രീതികള്‍ ഏതെങ്കിലും അവലംബിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ കുറിപ്പു നല്‍കാനും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളോടു യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളമല്ലാതെ മറ്റു ഒരു സംസ്ഥാനവും പഞ്ചസാരയ്ക്ക് സെസ് ചുമത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത നിലപാടു സ്വീകരിക്കുന്ന സംസ്ഥാനം കേരളം മാത്രമാണ്. ബാക്കിയുള്ളവര്‍ എല്ലാം ഇതിന് അനുകൂലമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനെ ജിഎസ്ടി കൗണ്‍സിലില്‍ എതിര്‍ത്തിരുന്നുവെങ്കിലും ഇന്നലത്തെ ഉപസമിതി യോഗത്തില്‍ അഭിപ്രായം പറഞ്ഞില്ലെന്നും അവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.

RELATED STORIES

Share it
Top