ജിഎസ്ടിയില്‍ കേരളത്തിനായി ദുരന്ത സെസ്സ്: മന്ത്രിതല സമിതിക്കു രൂപം നല്‍കി

ന്യൂഡല്‍ഹി: പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിനു സഹായകമെന്ന നിലയില്‍ ചരക്കുസേവന നികുതിയില്‍ അധിക സെസ്സ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുന്നതിനായി ഏഴംഗ മന്ത്രിതല സമിതിക്കു രൂപം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേരളത്തെ സഹായിക്കുന്നതിനായി പ്രത്യേക സെസ്സ് ഏര്‍പ്പെടുത്തുന്നതിനെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും പിന്തുണച്ചതായി യോഗത്തിനുശേഷം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പ്രത്യേക സെസ്സ് ഏര്‍പ്പെടുത്തുന്നതിനു തടസ്സങ്ങളൊന്നുമില്ല. അടിയന്തരഘട്ടങ്ങളില്‍ ഒരു സംസ്ഥാനത്തെ സഹായിക്കുന്നതിന് ഇത്തരത്തില്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ ഭരണഘടനയും പിന്തുണയ്ക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രിതല സമിതി ഉടന്‍ ഫോര്‍മുല തയ്യാറാക്കും. സമിതിയുടെ അന്തിമ റിപോര്‍ട്ടിനുശേഷം തീരുമാനമുണ്ടാവും. എസ്ജിഎസ്ടിയില്‍ സെസ്സ്, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ്സ്, ഒന്നോ രണ്ടോ ഉല്‍പന്നങ്ങള്‍ക്ക് സെസ്സ് എന്നിവയില്‍ ഏതു വേണമെന്നത് തീരുമാനിക്കും.
അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാവുന്ന നഷ്ടപരിഹാരത്തുകയുടെ തോത് കുറഞ്ഞുവരുന്നത് ശുഭോദര്‍ക്കമാണെന്നു മന്ത്രി പറഞ്ഞു. നികുതി കുറച്ചതിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന പ്രത്യാഘാതം സപ്തംബര്‍ അവസാനത്തോടെ അറിയാം. ക്ഷേമനിധികളിലേക്ക് പല കമ്പനികളും വന്‍തുക അടയ്ക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top