ജിഎന്‍പിസിക്ക് എതിരേ എക്‌സൈസ് പിടിമുറുക്കുന്നു

തിരുവനന്തപുരം: ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപോര്‍ട്ട് എക്‌സൈസ് പോലിസിനു കൈമാറി. കൂട്ടായ്മയുടെ അഡ്മിന്‍ ടി എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കൊച്ചുകുട്ടികളെ വരെ മദ്യത്തിനൊപ്പംനിര്‍ത്തിയുള്ള ഫോട്ടോകള്‍, മതചിഹ്നങ്ങളെ ഒപ്പം ചേര്‍ത്തുവച്ചുള്ള മദ്യപാനത്തിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് കേസെടുക്കാനുള്ള കാരണം. അബ്കാരി നിയമത്തിന്റെ ലംഘനത്തിനും സൈബര്‍ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ ആയ അജിത്കുമാറിനെ ഒന്നാംപ്രതിയാക്കിയും അഡ്മിന്‍മാരില്‍ ഒരാളായ നേമം കാരയ്ക്കാമണ്ഡപം ആമീവിളാകം സരസില്‍ വിനീതയെ രണ്ടാംപ്രതിയാക്കിയുമാണു കേസ്. ഈ ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്‍മാരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ജിഎന്‍പിസിക്കെതിരേ നിരവധി പരാതികള്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി.

RELATED STORIES

Share it
Top