ജിഎംഎല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല; നാട്ടുകാര്‍ സമരത്തിന്

പട്ടാമ്പി: തൃത്താല വികെ കടവ് ജിഎംഎല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടി—ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 73വര്‍ഷത്തോളം പഴക്കമുള്ള നിലവിലെ സ്‌കൂള്‍ കെട്ടിടം അപകട ഭീഷണിയിലായതിനെ തുടര്‍ന്നാണ് അല്‍അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനപങ്കാളിത്തത്തോടെ സ്വരൂപിച്ച ഇരുപത് ലക്ഷം ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനായി 20സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയത്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷ പരിഗണിച്ച് വി ടി ബലറാം എംഎല്‍എ കെട്ടിട നിര്‍മാണത്തിനായി 1.20 കോടിയും അനുവദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മവും നിര്‍വഹിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാതെ സിപിഎം ഭരണ സമിതി എംഎല്‍എയ്‌ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫണ്ട്  അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും നിര്‍മാണം തുടങ്ങാന്‍ കഴിയാത്തതിനാല്‍ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ പഞ്ചായത്തിനെതിരെ പ്രക്ഷോഭം തുടങ്ങുന്നത്. സമരപരിപാടികളുടെ ഭാഗമായി 25ന് വികെ കടവില്‍ ജനകീയ സമര പ്രഖ്യാപന സമ്മേളനം നടത്തും. സമരപരിപാടികള്‍ ആലോചിക്കുന്നതിന്നായി വികെ കടവില്‍ ചേര്‍ന്ന യോഗം വി ടി ബലറാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ വി ഹിളര്‍ അധ്യക്ഷത വഹിച്ചു. കെ വി മരക്കാര്‍, പി വി മുഹമ്മദാലി, എം സി സത്യന്‍, സോഫിയ, കെ ടി രാമചന്ദ്രന്‍ നായര്‍, എ വി അലി സംസാരിച്ചു.

RELATED STORIES

Share it
Top