ജാവീദ് ശെയ്ഖിന്റെ പിതാവ് ഗോപിനാഥന്‍പിള്ള അപകടത്തില്‍ മരിച്ചു

വള്ളിക്കുന്നം (ആലപ്പുഴ): ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവീദ് ഗുലാം ശെയ്ഖിന്റെ (പ്രാണേഷ്‌കുമാര്‍) പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ട്‌ശേരില്‍ മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള (78) വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വയലാറില്‍ ഏപ്രില്‍ 11ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കാറിനു പിന്നില്‍ ടിപ്പറിടിച്ച് നിയന്ത്രണം വിടുകയും തുടര്‍ന്ന് എതിരേ വന്ന മിനിലോറി ഇടിക്കുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥന്‍ പിള്ള ഇന്നലെ രാവിലെയാണു മരിച്ചത്.
സഹോദരന്‍ ഓടിച്ച കാറില്‍ അമൃത ആശുപത്രിയില്‍ പരിശോധനയ്ക്ക് പോവുകയായിരുന്നു. ഇദ്ദേഹത്തെ നേരത്തേ ബൈപാസ് ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. പട്ടണക്കാട് പോലിസ് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നായിരുന്നു ജാവീദ് ശെയ്ഖ് ഉള്‍പ്പെടെ നാലുപേര്‍ വെടിയേറ്റു മരിച്ചത്. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസ് നടത്തിവരവെയാണു ഗോപിനാഥന്‍പിള്ളയുടെ അന്ത്യം. മൃതദേഹം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.
പരേതയായ സരസ്വതി ബായിയാണ് ഭാര്യ. പ്രാണേഷ്‌കുമാറിനെ കൂടാതെ അരവിന്ദന്‍ എന്ന മറ്റൊരു മകന്‍ കൂടിയുണ്ട്. പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ, മൂത്ത മകന്‍ സാജിദ് എന്നിവര്‍ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

RELATED STORIES

Share it
Top