ജാര്‍ഖണ്ഡ് സ്വദേശിയുടെ കൊല: പ്രതിക്കു ജീവപര്യന്തം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വെള്ളപ്പാടത്ത് ജാര്‍ഖണ്ഡ് സ്വദേശി രാജേന്ദ്ര ലോറ (23) വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിക്കു ജീവപര്യന്തം തടവ്. രാജേന്ദ്ര ലോറയുടെ സുഹൃത്ത് ജാര്‍ഖണ്ഡ് സ്വദേശി സുനില്‍ മുണ്ട(26)യ്ക്കാണ് പാലക്കാട് സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമേ വീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഏഴു വര്‍ഷവും തോക്ക് ഉപയോഗിച്ചതിന് ഒരു വര്‍ഷവും 1,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം.
2014 ഒക്ടോബര്‍ 3നാണ് സംഭവം. കുമരംപുത്തൂര്‍ പയ്യനെടം വെള്ളപ്പാടത്തെ സ്വകാര്യ വ്യക്തിയുടെ ഫാമിനോടു ചേര്‍ന്നുള്ള താമസസ്ഥലത്താണു രാജേന്ദ്ര ലോറ വെടിയേറ്റു മരിച്ചത്. നാട്ടില്‍ നിന്നു കൊണ്ടുവന്ന തോക്കു കൊണ്ട് പ്രതി കൃത്യം നടത്തിയത്. തോക്ക് വെള്ളപ്പാടത്തിനു സമീപത്തെ നെച്ചുള്ളിയില്‍ മരത്തിനിടയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി.
ലോറയ്‌ക്കൊപ്പം താമസിച്ചിരുന്ന സുനില്‍ മുണ്ട കൃത്യം നടത്തിയ ശേഷം നാട്ടിലേക്കു മടങ്ങിയതാണ് ഇയാളിലേക്ക് അന്വേഷണം നീളാന്‍ കാരണം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ജാര്‍ഖണ്ഡിലുണ്ടെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മണ്ണാര്‍ക്കാട് സിഐ അനില്‍ കുമാര്‍ ജാര്‍ഖണ്ഡിലെത്തി സുനില്‍ മുണ്ടയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട രാജേന്ദ്ര ലോറ പ്രതി സുനില്‍ മുണ്ടയെ ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കു പറയുമായിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണം. സുനില്‍ മുണ്ട ഒക്ടോബര്‍ 2നു വെള്ളപ്പാടത്തെ മുറിയില്‍ രാത്രി കയറിപ്പറ്റി. മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം രാജേന്ദ്ര ലോറയെ വെടിവച്ചു രക്ഷപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top