ജാര്‍ഖണ്ഡിലെ പൗരാവകാശനിഷേധങ്ങള്‍

ജാര്‍ഖണ്ഡിലെ ജനകീയ പ്രസ്ഥാനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ പീഡന നടപടികളെക്കുറിച്ച നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ച്ആര്‍ഒ) വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ചെയര്‍മാന്‍ പ്രഫ. എ മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ സംഘടനാനേതാക്കളും സാമൂഹികപ്രവര്‍ത്തകരും തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായി കണ്ടാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
കുറഞ്ഞകാലത്തിനിടയ്ക്ക് ജാര്‍ഖണ്ഡില്‍ ജനകീയ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന 14 സംഘടനകളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്. ആദിവാസി യുവാക്കളുള്‍പ്പെടെ 4000ഓളം പേരെ തടവിലാക്കിയതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇവരില്‍ 98 ശതമാനവും നിരപരാധികളാണ്.
മസ്ദൂര്‍ സംഘാടന്‍ സമിതി (എംഎസ്എസ്), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ ഈയിടെ നിരോധിക്കുകയും നിരവധി പേരെ അനധികൃതമായി ജയിലിലടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വസ്തുതാന്വേഷണസംഘം ജാര്‍ഖണ്ഡിലെത്തിയത്. ഈ നിരോധനങ്ങള്‍ക്ക് വ്യക്തമായ കാരണം കണ്ടെത്താനായില്ലെന്ന് റിപോര്‍ട്ട് പറയുന്നു. സര്‍ക്കാരിനെതിരായി ശബ്ദിക്കുന്ന മുസ്‌ലിംകളെ തീവ്രവാദികളും മുസ്‌ലിംകളല്ലാത്തവരെ മാവോവാദികളുമായി മുദ്രകുത്തുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
സ്വര്‍ണം ഉള്‍പ്പെടെ അമൂല്യവും അത്യപൂര്‍വങ്ങളുമായ ധാതുസമ്പത്തുമായി ജാര്‍ഖണ്ഡ് ഇന്ത്യയിലെ അതിസമ്പന്ന സംസ്ഥാനമാണ്. അതേസമയം, ഈ സമ്പത്ത് മാത്രമല്ല, ഭൂമി പോലും നിഷേധിക്കപ്പെടുന്ന അതീവ ദാരിദ്ര്യാവസ്ഥയിലാണ് സാധാരണക്കാരും ആദിവാസികളും. സംസ്ഥാനത്തെ 24 ലക്ഷം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായെന്നും 19 ലക്ഷം ആദിവാസി ജനത സ്വന്തം മണ്ണില്‍ നിന്നു നീക്കം ചെയ്യപ്പെട്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എസ് 20,000ഓളം ഖനിത്തൊഴിലാളികളുടെ സംഘടനയാണ്. പോപുലര്‍ ഫ്രണ്ട് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷമേ ആയിട്ടുള്ളു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഫെബ്രുവരി 15ന് പ്രസ്താവിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അതു നിഷേധിച്ചു. തുടര്‍ന്നാണ് കേരളത്തിന്റെ മറവില്‍ ഫെബ്രുവരി 22നു കിരാതമായ ക്രിമിനല്‍ അമെന്‍ഡ്‌മെന്റ് ആക്റ്റ് (സിഎല്‍എ) വകുപ്പ്് 17 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്.
ജാര്‍ഖണ്ഡില്‍ ഗുരുതരമായ ഒരു കേസും പോപുലര്‍ ഫ്രണ്ടിനെതിരേ ഇല്ലെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. യുഎപിഎ കേസുകളില്‍ ഒരു മുസ്‌ലിം പോലുമില്ല. സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പൗരാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിച്ചതും വിദ്യാഭ്യാസ, നിയമ ബോധവല്‍ക്കരണം നല്‍കിയതുമാണ് സംഘടനയുടെ കുറ്റം.
സംഘടനകളുടെ പ്രവര്‍ത്തന നിരോധനം പിന്‍വലിക്കുക, വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, അവരുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുക, തടവുകാരുടെ പ്രശ്‌നത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ആദിവാസി കമ്മീഷനും ഇടപെടുക, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നിവയാണ് സമിതിയുടെ നിര്‍ദേശങ്ങള്‍. പൗരബോധമുള്ള ജനത ഈ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തേണ്ടതുണ്ട്്.

RELATED STORIES

Share it
Top