ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം: പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം 12ന്

തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 12ന് വൈകീട്ട് മൂന്നിന് കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും.
സംഗമത്തില്‍ വിവിധ മത സാമൂഹിക രാഷ്ട്രീയമേഖലയിലെ പ്രഗല്‍ഭ വ്യക്തികള്‍ പങ്കെടുക്കും. സംഘപരിവാരം നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഭരണകൂടം മതപ്രബോധകരേയും നവ സാമൂഹിക പ്രസ്ഥാനങ്ങളേയും നിശബ്ദമാക്കിയും നിരോധിച്ചും തങ്ങളുടെ ഒളി അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഇമാംസ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഭരണകൂട ഭീകരതയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പ്രസ്ഥാനങ്ങളേയും വ്യക്തികളേയും പണ്ഡിതന്മാരേയും ഭയപ്പെടുത്തിയും നിരോധിച്ചും ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നീക്കത്തിനെതിരേ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും ഒന്നിച്ച് നിന്ന് പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഇമാംസ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
പരിപാടിയുടെ വിജയത്തിനായി സി എച്ച് നിസാര്‍ മൗലവി അല്‍ ഖാസിമി ജനറല്‍ കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാരി ബാഖവി, പ്രോഗ്രാം കണ്‍വീനര്‍ സലീം മൗലവി, അബ്ദുല്‍ റഊഫ് അമാനി, അലി മൗലവി, അന്‍സാരി മൗലവി, ഷാജഹാന്‍ മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top