ജാമ്യക്കാര്‍ പിന്മാറി ; ബിഹാറി യുവതി വീണ്ടും ജയിലില്‍കൊച്ചി: മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതി ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് വീണ്ടും തടവിലായി. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ നിരവധിപേരെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹ്മദിനെയാണ് ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് കാക്കനാട് ജയിലിലേക്കയച്ചത്.എറണാകുളം ജില്ല വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് ഒരുലക്ഷം രൂപയുടെയും രണ്ടാളുകളടെയും ജാമ്യത്തില്‍ ഹൈക്കോടതി യാസ്മിന്‍ അഹ്മദിന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പാലിക്കാനാവാതെ ആഴ്ചകളോളം തടവില്‍ തുടര്‍ന്ന യാസ്മിന് കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത്. മൂവാറ്റുപുഴ സ്വദേശികളായ ജോബി, അലിക്കുഞ്ഞ് എന്നിവരാണ് പ്രതിക്ക് വേണ്ടി ജാമ്യം നിന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ചിത്രം പകര്‍ത്തിയതിന് യുപി പോലിസിന്റെ പിടിയിലായ സംഘത്തില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നു. ഈ കേസില്‍ സ്വന്തം ജാമ്യത്തിലാണ് ഇരുവരും മോചിതരായത്. ഐഎസുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യംനിന്നതിനാല്‍ എന്‍ഐഎ ഇരുവരെയും നിരീക്ഷിക്കുകയും ഇവര്‍ക്കെതിരേ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജാമ്യം പിന്‍വലിക്കാന്‍ ഇരുവരും തീരുമാനിച്ചത്.

RELATED STORIES

Share it
Top