ജാമ്യം നിന്നതിന് ജപ്തി, ആത്മഹത്യക്കൊരുങ്ങി വീട്ടമ്മ


കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യണമെന്നുള്ള ഹൈക്കോടതി വിധിയില്‍  നടപടിയുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടമ്മ. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം.
ജപ്തി നടപടി ചെയ്യാനിരിക്കെ നാട്ടുകാര്‍ വീട്ടിലേക്കുള്ള വഴിയില്‍ പെട്രോള്‍ ഒഴിച്ച് തീയ്യിട്ടു.   പൊലീസും ഫയര്‍ഫോഴ്‌സും അടക്കം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇടപെട്ടാണ് താന്‍ നിരാഹാരം അവസാനിപ്പിച്ചത്.  ജപ്തി നടപടി ഉണ്ടായാല്‍ താന്‍ ജീവനൊടുക്കും എന്ന് വീട്ടമ്മ ഭീഷണി മുഴക്കി.
ഇരുപത്തിനാല് വര്‍ഷം മുന്‍പാണ് സുഹൃത്തിനായി രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. ലോര്‍ഡ് കൃഷ്ണാ ബാങ്കില്‍ നിന്ന ജാമ്യം പിന്നീട് എച്ച് ഡി എഫ് സി ബാങ്കിലേക്ക് വന്നുചേരുകയായിരുന്നു. 2014 ഫെബ്രവരിയില്‍ ഓണ്‍ലൈന്‍ ലേലം വഴിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂര്‍ത്തിയാക്കുന്നത്. തങ്ങളുടെ സ്ഥലം ലേലം ചെയ്തതായി വീട്ടുകാര്‍ അറിയുന്നത് തന്നെ ഏറെ വൈകിയാണ്.
ഏറെക്കാലമായി നാട്ടുകാരുടെ പിന്തുണയോടെ പ്രീതാ ഷാജി സ്ഥലത്ത് സമരം ചെയ്യുകയായിരുന്നു. സര്‍ഫാസി നിയമപ്രകാരമുള്ള നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് പ്രീതാ ഷാജിയുടെ സമരം അവസാനിപ്പിച്ചത്.  ജൂലൈ ഒമ്പതിനാണ് വീടും പറമ്പും ഒഴിപ്പിക്കണം എന്ന ഹൈക്കോടതിയുടെ വിധി വരുന്നതോടെയാണ് കാര്യങ്ങള്‍ തിരിഞ്ഞുമറിയുന്നത്.

RELATED STORIES

Share it
Top