ജാമ്യം തള്ളി; ഫ്രാങ്കോ രണ്ട് ദിവസം പോലിസ് കസ്റ്റഡിയില്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എസ് ലക്ഷ്മിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കിയത്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു കോടതിയില്‍ നല്‍കിയ അപേക്ഷയിലെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ ആവശ്യം.
അതേസമയം, ഫ്രാങ്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തുക വഴി ജനശ്രദ്ധയാകര്‍ഷിച്ച കേസായതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് നിയമവാഴ്ചയുടെ അന്തസ്സത്തയെപ്പറ്റി പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. ബിഷപ്പിനെതിരേ റിമാന്‍ഡ് റിപോര്‍ട്ടില്‍ ശക്തമായ തെളിവുകളാണ് പോലിസ് നിരത്തിയത്.
ബിഷപ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. കെട്ടിച്ചമച്ച കേസാണിത്. ബിഷപ്പിന്റെ ഉമിനീരും രക്തവും ബലപ്രയോഗത്തിലൂടെയാണ് പോലിസ് ശേഖരിച്ചത്. കൃത്രിമ തെളിവുണ്ടാക്കാനാണ് ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗത്തിന്റെ ആരോപണത്തിനു കോടതി മറുപടിയൊന്നും പറഞ്ഞില്ല.
അറസ്റ്റ് രേഖപ്പെടുത്തിയ ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കോട്ടയത്ത് എത്തിച്ചത്. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുഴപ്പമൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 7.30ന് ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയ്ക്ക് 1.30ഓടെയാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ബലം പ്രയോഗിച്ച് തന്റെ രക്തസാംപിളും ഉമിനീരും എടുക്കാന്‍ അനുവദിക്കരുതെന്ന് ഫ്രാങ്കോ കോടതിയോട് അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top