ജാമിഅ വിദ്യാര്‍ഥി റിസ്‌വാന്‍ ഖാന്റെ മരണത്തിന് ഉത്തരവാദി ആര്?ന്

യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥി റിസ്‌വാന്‍ ഖാന്റെ (22) മരണത്തിനു പിന്നിലെ ദുരൂഹത വര്‍ധിക്കുന്നു. ഖാന്റെ മരണം ആത്മഹത്യയാണെന്നു പോലിസ് അവകാശപ്പെടുമ്പോള്‍ കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. ദേശീയ തലസ്ഥാനത്തെ സുഭാഷ് നഗര്‍ സ്വദേശിയും സംസ്ഥാന ഹോക്കി താരവുമായ ഖാന്‍, ജാമിഅ മില്ലിയയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ദക്ഷിണ ഡല്‍ഹിയില്‍ സരോജിനി നഗറിലെ ഒരു കോളനിയില്‍ പാര്‍ക്ക് ചെയ്ത തന്റെ സ്വന്തം സ്വിഫ്റ്റ് കാറിലാണ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍ ഖാന്റെ മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ മാസം 5നായിരുന്നു സംഭവം. ഖാന് ഒരു സ്ത്രീയോട് പ്രണയം തോന്നിയിരുന്നുവെന്നും എന്നാല്‍, അവളില്‍ നിന്നു പ്രതികരണമൊന്നുമില്ലാത്തതില്‍ നിരാശനായ അയാള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം. എന്നാല്‍, ഇതു ശരിയല്ലെന്നു കുടുംബം പറയുന്നു. ഡിസംബര്‍ 4ന് രണ്ടുലക്ഷം രൂപയുമായി കാര്‍ വാങ്ങാന്‍ പോയ ഖാന്‍ രാത്രി വൈകുന്നതുവരെ തിരിച്ചെത്തിയില്ലെന്നു കുടുംബം പറഞ്ഞു. ഖാന്റെ രണ്ടു മൊബൈല്‍ ഫോണുകളിലൊന്ന് സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടാമത്തെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ആ ഫോണിലേക്ക് ഖാന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ കാമുകിയുടെ വസതിയിലെ ഒരു സ്ത്രീയാണ് എടുത്തത്. ഡിസംബര്‍ 4ന് ഉച്ചയ്ക്കു ശേഷം മൊബൈല്‍ ഫോണും രണ്ടുലക്ഷം രൂപയടങ്ങിയ ബാഗും ആരോ വീട്ടില്‍ ഏല്‍പ്പിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ വിലാസം വെളിപ്പെടുത്തിയതുമില്ല. പിറ്റേ ദിവസം കാമുകിയുടെ പിതാവ് ഖാന്റെ പിതാവിനെ വിളിച്ച് ബാഗും മൊബൈല്‍ ഫോണും കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ചു ഖാന്റെ പിതാവും സഹോദരനും പറഞ്ഞ വിലാസത്തില്‍ എത്തിയപ്പോള്‍ കാറില്‍ ഖാന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇടതു കൈയില്‍ നാടന്‍ തോക്കേന്തി ഡ്രൈവര്‍ സീറ്റില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം- കുടുംബം പറഞ്ഞു. ഖാന്റെ അസം സ്വദേശിനിയായ കാമുകിയും ഹോക്കി താരമാണ്. അവര്‍ ഒന്നിച്ചായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു. ഖാന്റെ മരണം സംബന്ധിച്ച പോലിസ് അന്വേഷണത്തില്‍ പിതാവ് ഷറിഖ് ഖാന്‍ നിരാശ പ്രകടിപ്പിച്ചു. കേസ് അവസാനിപ്പിക്കാന്‍ പോലിസ് തിടുക്കംകാണിച്ചു. ആത്മഹത്യ ചെയ്യാന്‍ തന്റെ മകന്‍ ഭീരുവല്ലെന്നും അവന്‍ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലിസ് അന്വേഷണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നിരവധി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. പ്രശ്‌നത്തില്‍ സര്‍വകലാശാല ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top