ജാതീയ വേര്‍തിരിവ് നടത്തിയെന്ന പരാതി: ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥാനത്ത് നിന്നു നീക്കി

കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിച്ചതായും ജാതീയ വേര്‍തിരിവ് നടത്തിയതായും ആരോപണവിധേയയായ തൃശിലേരി ട്രൈബല്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ എം വി വീണയെ വാര്‍ഡന്‍ സ്ഥാനത്തു നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ ഉത്തരവായി. മാനന്തവാടി ടിഡിഓ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
മാനന്തവാടി ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റലിലെ വാര്‍ഡനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ജാതിക്കാരിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ജാതീയ വേര്‍തിരിവ് കാണിക്കുന്നതായും അയിത്തം പ്രകടിപ്പിക്കുന്നതായും കാണിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തവന്നത്.
കുട്ടികളോട് സംസാരിക്കാറില്ലാത്ത വാര്‍ഡന്‍ ഹോസ്റ്റലില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കില്ലെന്നും തങ്ങളെ കാണുമ്പോള്‍ തന്നെ ദേഹത്ത് തൊട്ടാല്‍ അശുദ്ധമാകുമെന്ന ഭയംമൂലം മാറി നില്‍ക്കുമെന്നുമാണ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. ഹോസ്റ്റലിലെ 72 വിദ്യാര്‍ഥിനികളാണ്
കഴിഞ്ഞയാഴ്ച ടിഡിഒ യ്ക്ക് പരാതി നല്‍കിയിരുന്നത്. വാര്‍ഡന്‍ ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന വ്യക്തിയാണെന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട തങ്ങളോട് അതുകൊണ്ടാണ് വാര്‍ഡന്‍ ഇങ്ങനെ പെരുമാറുന്നതെന്നുമായിരുന്നു വിദ്യാര്‍ഥിനികളുടെ ആക്ഷേപം. സംഭവം സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്തയാവുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ മണ്ഡലം എംഎല്‍എ ഒ ആര്‍ കേളു ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും കുട്ടികളോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. അടിയന്തിര അന്വേഷണം നടത്താനും, ആരോപണവിധേയക്കെതിരെ നടപടികള്‍ സ്വീകരിക്കാനും എംഎല്‍എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അജയകുമാറും സബ്ബ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top