ജാതീയതയെ വെല്ലുവിളിച്ച മിശ്രഭോജനത്തിന് ഇന്നു നൂറു വയസ്സ്

[caption id="attachment_225894" align="alignnone" width="560"] ചേറായി സഹോദരഭവനത്തിനടുത്ത് നിര്‍മ്മിച്ചിട്ടുള്ള മിശ്രഭോജന സ്മാരക ശില്‍പ മതില്‍ [/caption]

പി എം സിദ്ദീഖ്

വൈപ്പിന്‍: ജാതിചിന്തകളും അസമത്വങ്ങളും തിരിച്ചുവരുന്ന വര്‍ത്തമാനകാലത്ത് ജാതീയതക്കെതിരേ പട നയിച്ച് സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തിന് ഇന്നു നൂറു വയസ്സ് തികയുന്നു. ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളില്‍ ദലിത് ജീവിതം ഞെരിഞ്ഞമര്‍ന്ന കാലഘട്ടത്തില്‍ പുലയനെയും ഈഴവനെയും ഒരു പാത്രത്തില്‍ നിന്നു ഭക്ഷണം കഴിപ്പിച്ചാണ് അദ്ദേഹം ജാതീയതയുടെ അടിവേരറുക്കാനുള്ള സാഹസിക ദൗത്യം ഏറ്റെടുത്തത്. ബിഎ പരീക്ഷ കഴിഞ്ഞു തിരുവനന്തപുരത്തു നിന്ന് നാട്ടിലെത്തിയ അയ്യപ്പന്റെ മനസ്സില്‍ ജാതിക്കെതിരായ വിപ്ലവത്തിനു വിത്തിട്ടത് ശ്രീനാരായണ ഗുരുവായിരുന്നു.””ജാതി പോണം അയ്യപ്പാ, ജാതി പോണം. ജാതിക്കെതിരേ പറഞ്ഞുനടന്നാല്‍ മാത്രം മതിയോ’ എന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യമാണ് സഹോദരന്‍ അയ്യപ്പന്റെ മനസ്സില്‍ വിപ്ലവചിന്തകള്‍ നിറയാന്‍ കാരണമായത്. ജാതിചിന്തകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം സ്വസമുദായത്തില്‍ നിന്നുതന്നെയാകട്ടെ എന്നു തീരുമാനിച്ച അയ്യപ്പന്‍ സുഹൃത്തുക്കളോടും തന്റെ ആശയം പങ്കുവച്ചു. ജാതീയതക്കെതിരേ അയ്യപ്പനും സുഹൃത്തുക്കളും നോട്ടീസ് അടിച്ചു വിതരണം നടത്തി. 1917 മെയ് 29നു യുവാക്കള്‍ ചെറായി തിടപ്പറയില്‍ യോഗം ചേര്‍ന്നു. മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ജാതിക്കെതിരേ പ്രതിജ്ഞയെടുത്തു. താന്‍ പുലയയുവാക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയാണെന്ന് അയ്യപ്പന്‍ പ്രഖ്യാപിച്ചു. “”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും അനാവശ്യവുമാണെന്ന് എനിക്ക് ദൃഢബോധ്യം വന്നിരിക്കുന്നതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരോധമല്ലാത്ത വിധം എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം പൂര്‍ണമനസ്സോടെ ചെയ്യുമെന്ന് സത്യം ചെയ്തുകൊള്ളുന്നു’’- പ്രതിജ്ഞയില്‍ അയ്യപ്പന്‍ വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത —ഭൂരിപക്ഷം പേരും മിശ്രഭോജനത്തിനായി നീങ്ങി. ചിലര്‍ പരിപാടിയില്‍ നിന്നു പിന്‍വാങ്ങി. മിശ്രഭോജനത്തിന് എത്തിയ പുലയസമുദായാംഗങ്ങളായ കോരാശ്ശേരി അയ്യര്‍, മകന്‍ കണ്ണന്‍ എന്നിവര്‍ക്ക് ഇലയില്‍ ചോറും ചക്കക്കുരുവും കടലയും ചേര്‍ത്ത കറിയും വിളമ്പി. അതില്‍ അവര്‍ക്കൊപ്പം ചോറും കറിയും കൂട്ടിക്കുഴച്ചു. എല്ലാവരും അതില്‍ നിന്ന് ഒരു പങ്ക് കഴിച്ചാണ് മിശ്രഭോജനം നടത്തിയത്. ഇതു സമുദായത്തിലാകെ ഒച്ചപ്പാടുണ്ടാക്കി. ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവര്‍ധിനി സഭയില്‍ നിന്നു സഹോദരനടക്കം 24 കുടുംബങ്ങളെ പുറത്താക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെ സഹോദരനു നേരെ ആക്രമണങ്ങളുമുണ്ടായി. സഹോദരനെ നാടുകടത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സവര്‍ണതയില്‍ ഊറ്റംകൊണ്ടിരുന്ന ചിലര്‍ മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ പുലച്ചോവന്മാര്‍ എന്നും സഹോദരനെ പുലയനയ്യപ്പനെന്നും വിളിച്ച് ആക്ഷേപിച്ചപ്പോള്‍ അത് ബഹുമതിയായി കണക്കാക്കുകയാണ് അയ്യപ്പന്‍ ചെയ്തത്. തുടര്‍ന്നാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന സഹോദരസംഘം രൂപീകരിക്കുന്നത്. ഇതോടെ അയ്യപ്പന്‍ സഹോദരന്‍ അയ്യപ്പനായി. ഇതിന്റെ ഭാഗമായി സഹോദരന്‍ മാസികയും ആരംഭിച്ചു. ക്രമേണ സഹോദരസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍, സഹോദരസംഘത്തില്‍ സഹകരിക്കുന്നവരെ സമുദായം ബഹിഷ്‌കരിച്ചു. മിശ്രഭോജന ശതാബ്ദി ആഘോഷങ്ങള്‍ ഇന്നും നാളെയുമായി ചെറായിയില്‍ നടക്കും. ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 29നു രാവിലെ സഹോദരന്റെ ജന്മഗൃഹത്തിനു മുമ്പില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ്, പുഷ്പാര്‍ച്ചന എന്നിവ നടക്കും. വൈകീട്ട് 3 മണിക്ക് സഹോദര സ്മാരക ഓഡിറ്റോറിയത്തില്‍ നവോത്ഥാന സെമിനാര്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സംഘചേതനയുടെ അടിയത്തമ്പ്രാട്ടി എന്ന നാടകവും അരങ്ങേറും. 30ന് രാവിലെ 10ന് മിശ്രഭോജനം നടന്ന തുണ്ടിടപറമ്പില്‍ മിശ്രഭോജന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായിരിക്കും.

RELATED STORIES

Share it
Top