ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംഭവം: എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

കൊല്ലങ്കോട്: ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇരവാലന്‍ സമുദായത്തിലെ ഒരു വിഭാഗത്തെ സര്‍ക്കാര്‍ രേഖകളിലെ ഗോത്ര വിഭാഗത്തില്‍ നിന്നും ഒഴിവാക്കുകയും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ കൊല്ലങ്കോട് വില്ലേജ് ഓഫിസിനു മുമ്പില്‍ കുടില്‍കെട്ടി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതൃത്വം സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
സമുദായം തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കെയാണ് സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും അവഗണനകള്‍ നേരിടുന്നത്. ആദിവാസി വിഭാഗത്തില്‍ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായത്തിലെ വിഭാഗമാണ് എരവാലന്‍. ജാതി സംവരണം എടുത്തുകളയാനും മൂന്നാക്ക സംവരണം നടപ്പാക്കി സവര്‍ണ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടുകള്‍ ഇടതു സര്‍ക്കാര്‍ തന്നെ സ്വീകരിക്കുന്ന ഘട്ടത്തില്‍ പിന്നാക്ക സമുദായത്തെ ഔദ്യാഗിക രേഖകളില്‍ നിന്നും തന്നെ മാറ്റുന്നത് ദുരൂഹത ഉണ്ടാക്കുന്നതാണ്.
നീതി കിട്ടാത്ത പക്ഷം തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടി തയ്യാറാണന്ന് സമര സമിതി നേതൃത്വത്തെ ഭാരവാഹികള്‍ അറിയിച്ചു.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്് എസ് പി അമീര്‍ അലി, ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ജില്ലാ ട്രഷറര്‍ മജീദ് കെ എ, നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ഫിറോസ് പുതുനഗരം, നിയോജക മണ്ഡലം ഖജാഞ്ചി ഹബീബ് റഹ്്മാന്‍ തുടങ്ങിയവരാണ് സമര പന്തല്‍ സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top