ജാതി സര്‍ട്ടിഫിക്കറ്റിനായുള്ള സമരം 44 ദിവസം പിന്നിട്ടു; സമരക്കാര്‍ കൊല്ലങ്കോട് വില്ലേജ് ഓഫിസ് ഉപരോധിച്ചു

കൊല്ലങ്കോട്: പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിനെതിരേ നടത്തി വരുന്ന സമരത്തിന് അനുകൂല നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ കൊല്ലങ്കോട് വില്ലേജ് ഓഫിസ് രണ്ട് ഉപരോധിച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ട കൊല്ലങ്കോട് വില്ലേജ് രണ്ടിലെ ഇരവാലന്‍ സമുദായങ്ങള്‍ക്ക് രണ്ടായിരത്തി എട്ടു മുതല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിനെതിരേ വില്ലേജോഫിസിനു മുന്നില്‍ കുടില്‍ കെട്ടി നടത്തുന്ന സമരം നാല്‍പ്പത്തിമൂന്നാം ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ അന്‍സാര്‍ ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി പോലിസിനെ കൈമാറി. ആലത്തൂര്‍ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം വില്ലേജ് ഓഫിസിന്റെ മുന്നില്‍ നിലയുറപ്പിച്ചെങ്കിലും അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒഴിവാക്കി. സമരസമിതി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ജില്ലാ കലക്ടര്‍, ആര്‍ഡിഒ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇരു വിഭാഗവും തള്ളിയതിനെ തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് താഹസില്‍ദാര്‍ വി കെ രമയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി നാരായണന്‍കുട്ടി കെ കെ വിജയന്‍ സെക്ഷന്‍ ക്ലര്‍ക്ക് വി ആര്‍ രഞ്ജിത്ത് എന്നിവര്‍ കൊല്ലങ്കോട് വില്ലേണ്ട് രണ്ടില്‍ എത്തി സമരക്കാരുമായി സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു. 20ന് കലക്ടര്‍ ചേംബറില്‍ സമരസമിതിക്ക് വിഷയവുമായി സംസാരിക്കാന്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിന് തുടര്‍ന്ന് ഓഫിസ് ഉപരോധം ഉച്ചയോട് അവസാനിപ്പിച്ചു.

RELATED STORIES

Share it
Top