ജാതി സര്‍ട്ടിഫിക്കറ്റിനുള്ള സമരം 100 ദിവസം പിന്നിട്ടു

കൊല്ലങ്കോട്: ഇരവാലന്‍ സമുദായത്തില്‍പ്പെടുന്നവര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിന്റെ അനാസ്ഥതയ്‌ക്കെതിരെ കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫിസിന്റെ മുന്നില്‍ നടത്തി വരുന്ന സമരം   101 ാം ദിവസത്തിലേക്ക് കടന്നു. അര്‍ഹതപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധി കുടുംബങ്ങളാണ് സര്‍ക്കാര്‍ ആനുകുല്യങ്ങളും പഠന സൗകര്യവും ലഭിക്കാതെ ജീവിത വിജയത്തില്‍ നിന്ന് പിന്തള്ളപ്പെട്ടു പോവുന്നത്.
പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത്തില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടവരും ഉന്നത കോഴ്‌സുകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരും ഈ വിഭാഗത്തിലുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂര മാറ്റി പുതിയവ നിര്‍മിക്കാനുള്ള ധനസഹായവും ഊരുകള്‍ക്ക് ലഭിക്കുന്നില്ല.
2008വരെ ഇരവാലന്‍ സര്‍ട്ടിഫിക്കറ്റ്  ഇവര്‍ക്ക് ലഭിച്ചിരുന്നു. പിന്നീട് റവന്യൂ വകുപ്പ് ഇതു നിഷേധിക്കുകയായിരുന്നു. ഇതിന് കാരണമായത് കിര്‍ത്താഡ്‌സിന്റെ റിപോര്‍ട്ടും. ജാതിയുടെ പേരില്‍ ഓരോ സമുദായവും സര്‍ക്കാര്‍ ആനുകുല്യം വാങ്ങി വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലി, ഭവന നിര്‍മാണം, മറ്റ് ആനുകുല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ വനമേഖലയോട് ചേര്‍ന്ന് ഊരുകളില്‍ കഴിയുന്ന പട്ടികവര്‍ഗത്തില്‍പ്പെടുന്ന ഇവര്‍ക്ക് ഇതൊക്കെ നിഷേധിക്കപ്പെടുകയാണ്. കിര്‍ത്താഡ്‌സിന്റെയും റവന്യൂ വകുപ്പിന്റെയും ഉദ്യാഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചകള്‍ കാരണം ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിലൂടെ ഇരുന്നൂറോളം കുടുംബങ്ങളാണ് വഴിയാധാരമായത്.
കഴിഞ്ഞ ഡിസംബര്‍ 27ന് കുടില്‍ കെട്ടി തുടങ്ങിയ സമരം ഇന്നത്തേക്ക് 101ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എസ്ഡിപിഐ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി എത്തിയതിനെ തുടര്‍ന്ന് കിര്‍ത്താര്‍ഡ്‌സ് ഉദ്യോഗസ്ഥരെത്തി സര്‍വേ നടത്തി പോയതെല്ലാതെ പരിഹാരമുണ്ടായിട്ടില്ല.
സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷംഗം എസ് അജയ്കുമാറും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കിര്‍ത്താഡ്‌സിന്റെ റിപോ ര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവുണ്ടാകുന്നതുവരെ കൊല്ലങ്കോട് വില്ലേജ് ഓഫിസ് രണ്ടിന്റെ മുന്നില്‍ സമരം തുടരുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED STORIES

Share it
Top