ജാതിസംവരണം തന്നെയാണ് വിപ്ലവകരം

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക
സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവര്‍ സാമൂഹികനീതിക്ക് തുരങ്കംവയ്ക്കുകയാണെന്നാണ് മുന്നാക്ക സമുദായ ഐക്യമുണണി സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. 'ചരിത്രവിപ്ലവ'മെന്നാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സമുദായങ്ങള്‍ക്കായുള്ള സംവരണത്തെ വിശേഷിപ്പിച്ചത്. മാത്രമല്ല, തിരുവനന്തപുരത്തു കഴിഞ്ഞ 11ന് മുസ്‌ലിംലീഗ്, പോപുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി, കേരള ദലിത് ഫെഡറേഷന്‍, കെപിഎംഎസ്, ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ തുടങ്ങി 50ലധികം സംഘടനകള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ 'വിപ്ലവകരമായ' തീരുമാനത്തിനെതിരേ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതിലുള്ള അരിശവും അവര്‍ മറച്ചുവച്ചില്ല. കൂടാതെ, ഈ സംഘടനകളില്‍ പലതും മതേതരത്വ മുന്നണികളില്‍ മല്‍സരിച്ച് പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളാണ് എന്നതും അപകടകരമായ നീക്കത്തിന് ഗൗരവം പകരുന്നതാണെന്നും മുന്നാക്ക സമുദായ മുണണി ആരോപിച്ചു. ജാതിസംവരണം ഭരണഘടനാവിരുദ്ധമാണെന്നു വരെ പറയാനും അവര്‍ ധൈര്യപ്പെട്ടു. ഈ ധൈര്യം അവര്‍ക്കു പകര്‍ന്നത് മറ്റാരുമല്ല, അധഃസ്ഥിത വിഭാഗത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്കവിഭാഗക്കാരുടെയും സംരക്ഷണ ചുമതല തങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടവും തന്നെയാണ്. ഇതു വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഭരണഘടനയില്‍ സാമുദായിക സംവരണം കൊണ്ടുവന്നത് എന്തിന് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ക്ക്് ഇല്ല എന്നത് (ഇന്ത്യയിലെ ജാതിപ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ നിലപാടിലെത്താന്‍ ഭരണവര്‍ഗ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല). മറ്റൊന്ന്, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ അടവ്. എന്തായാലും ഇത്രമേല്‍ തരംതാഴാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനു കഴിഞ്ഞു എന്നത് അത്ര ലാഘവത്തോടെ കാണാനാവില്ല.ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്. സവര്‍ണ വിഭാഗങ്ങളിലെ ദരിദ്രരെ രക്ഷപ്പെടുത്താന്‍ ഞങ്ങളൊരു മഹത്തായ കാര്യം ചെയ്തിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സംവരണത്തിന്റെ ഭരണഘടനാ താല്‍പര്യങ്ങളും മാനദണ്ഡങ്ങളും വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ ഈ അവകാശവാദത്തിന്റെ യുക്തിയില്ലായ്മ ആര്‍ക്കും ബോധ്യമാവും. ഇന്ത്യന്‍ ഭരണഘടനയുടെ 15ാം വകുപ്പിന്റെ നാലാം ഉപവകുപ്പിലാണ് സംവരണത്തിന് അടിസ്ഥാനമായ തത്ത്വം വിശദമാക്കുന്നത്. സംവരണത്തിന്റെ മാനദണ്ഡം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയായിരിക്കണമെന്ന് ഭരണഘടന വ്യക്തമായിത്തന്നെ പറയുന്നുണ്ട്. മാത്രവുമല്ല, സാമ്പത്തികസ്ഥിതി ഒരു മാനദണ്ഡമായി അംഗീകരിക്കുന്നുമില്ല. അതിന്റെ കാരണം ഇന്ത്യയിലെ ജനങ്ങളുടെ മുന്നാക്ക-പിന്നാക്ക വിഭജനത്തിന്റെ അടിസ്ഥാനമായിരിക്കുന്നത് ജാതിവ്യവസ്ഥയാണ് എന്ന ബോധ്യമാണ്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമാവുന്നതും അതുകൊണ്ടുതന്നെയാണ്. ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ അജ്ഞാതമായിരിക്കാന്‍ തരമില്ലല്ലോ. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്താനുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം കോടതികള്‍ റദ്ദാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരമൊരു നടപടിക്ക് എന്തു ന്യായീകരണമാണുള്ളത്? ഗുജറാത്ത്, രാജസ്ഥാന്‍ ഹൈക്കോടതികള്‍ വരെ സാമ്പത്തിക സംവരണത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 16(4)ല്‍ പറയുന്ന കാര്യങ്ങളനുസരിച്ച് പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്നതാണ് സംവരണത്തിന്റെ മറ്റൊരു ലക്ഷ്യം. ദേവസ്വം ബോര്‍ഡ് കോളജുകളിലെ നിലവിലെ സ്ഥിതി ഇങ്ങനെയാണ്: ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നാലു കോളജുകളാണുള്ളത്. 182 അധ്യാപകരില്‍ 135 പേര്‍ നായന്മാരും എട്ടുപേര്‍ നമ്പൂതിരിമാരുമാണ്. അതായത് കേരളത്തിലെ ജനസംഖ്യയില്‍ ഒമ്പതുശതമാനം വരുന്ന നായന്മാര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ അധ്യാപക ജോലിയില്‍ 74.17 ശതമാനവും കൈയടക്കിയിരിക്കുന്നു. ജനസംഖ്യയില്‍ ഒരു ശതമാനംപോലുമില്ലാത്ത നമ്പൂതിരിമാര്‍ 4.39 ശതമാനവും കൈവശം വച്ചിരിക്കുന്നു. അതായത് ദേവസ്വം ബോര്‍ഡ് കോളജിലെ അധ്യാപക ജോലിയില്‍ സവര്‍ണരുടെ പങ്ക് 79 ശതമാനം! ആ സമുദായങ്ങളിലെ ദരിദ്രര്‍ക്ക് അവസരം ലഭിക്കാത്തതിന് ആരാണു മറുപടി പറയേണ്ടത്?                      ി

RELATED STORIES

Share it
Top