ജാതിവിവേചനം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവന്നു : ഗോത്രമഹാസഭതിരുവനന്തപുരം: ഉദ്യോഗസ്ഥ-ഭരണതലത്തിലുള്ള ജാതിവിവേചനം ആദിവാസി വിദ്യാര്‍ഥി സമൂഹത്തെ ദുരിതത്തിലാക്കുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ കോ——-—ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിച്ച മെഡിക്കല്‍ കോളജില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരിക്കുന്നത് രണ്ടു സീറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍പോലും ജാതി വിവേചനം കാണിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മെഡിക്കല്‍ കോളജില്‍ ആകെയുള്ള 100 സീറ്റില്‍ 70 സീറ്റ് പട്ടികജാതിക്കാര്‍ക്കും 28 സീറ്റ് ഇതര ജാതി വിഭാഗത്തിനുമാണ്. ബാക്കിയുള്ള രണ്ട് സീറ്റ് മാത്രമാണ് ആദിവാസി വിഭാഗത്തിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ ജാതിവിവേചനം ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന് തിരിച്ചടിയാവും. പട്ടികജാതിക്കാരെ പ്രതിനിധീകരിക്കുന്നവര്‍പോലും മന്ത്രിയായാല്‍ ജാതി വിവേചനത്തിന് അടിമകളാവുകയാണെന്ന് ഗീതാനന്ദന്‍ അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം 15,000ത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി നഗരങ്ങളിലെത്തുമ്പോള്‍ താമസത്തിനായി മൂന്ന് ഹോസ്റ്റലുകള്‍ മാത്രമാണ് പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ളത്. വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ടൂറിസ്റ്റുകള്‍ക്കുവേണ്ടി 50 കോടി മുടക്കി കൊച്ചിയില്‍ ആദിവാസി ഹെരിറ്റേജ് മ്യൂസിയം നിര്‍മിക്കുകയാണ്. തൊഴില്‍ മേഖലയിലും ജാതിവിവേചനം ശക്തമാണ്. പാലക്കാട് മെഡിക്കല്‍ കോളജ് പ്രാതിനിധ്യം, ഹോസ്റ്റല്‍ വിഷയം എന്നിവയുടെ അടിസ്ഥാനത്തില്‍ ദലിത്-ആദിവാസി പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ജൂലൈ ആദ്യവാരം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top