ജാതിമത ഭേദമെന്യേ അവര്‍ മസ്ജിദില്‍ ഒത്തുകൂടി

കൊണ്ടോട്ടി: വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ ശ്രവിക്കാനും പരസ്പരം സൗഹൃദം പങ്കിടാനുമായി ജാതി മത ഭേദമന്യേ മസ്ജിദില്‍ ഒത്തുചേര്‍ന്നത് വേറിട്ട അനുഭവമായി. പുളിക്കല്‍ മസ്ജിദ് തഖ്‌വാ കമ്മിറ്റി സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തിലാണ് സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയുണ്ടായത്. പ്രവാചകപ്പിറവിയുടെ അനുസ്മരണവും വ്രതശുദ്ധിയുടെ മണ്ഡലകാലവും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാഘോഷവും ഒരുമിച്ചെത്തിയ വേളയിലാണ് മസ്ജിദ് കമ്മിറ്റി മാനവമൈത്രി സംഗമം ഒരുക്കിയത്. സ്വാമി. ഡോ. ആത്മദാസ് യമി, ഫാദര്‍ പൗലോസ് പുതിയേടത്ത്, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ പ്രഭാഷണത്തോടൊപ്പം വി എം കുട്ടിയുടെ മാനവമൈത്രി ഇശല്‍പാട്ടു കൂടി ചേര്‍ന്നതോടെ സംഗമം ഹൃദ്യമായി. പ്രോഗ്രാം കണ്‍വീനര്‍ അഫ്‌സല്‍ ഐക്കരപ്പടി സംഗമം നിയന്ത്രിച്ചു. ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, രാജേഷ് മോന്‍ജി, സത്യന്‍ പുളിക്കല്‍, വിനയന്‍ വെണ്ണായൂര്‍, ശിവദാസന്‍ പുത്തൂക്കര, എന്‍ അച്ചു ഐക്കരപ്പടി, ബാലചന്ദ്രന്‍, ഡോക്ടര്‍ ഹരീഷ് കുമാര്‍,കുഞ്ഞാത്തന്‍, അജയന്‍, സന്ദീപ് ഐക്കരപ്പടി സംസാരിച്ചു.

RELATED STORIES

Share it
Top