ജാതിമതില്‍: വടയമ്പാടിയില്‍ ദലിത് ആത്മാഭിമാന സംഗമം ഇന്ന്

കൊച്ചി: കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതില്‍ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദലിത് ആത്മാഭിമാന സംഗമം ഇന്നു നടക്കും. രാവിലെ 10നു നടക്കുന്ന സംഗമത്തി ല്‍ എ വാസു, കെ വേണു, കെ എം സലിംകുമാര്‍, എം ഗീതാനന്ദന്‍, കെ കെ എസ് ദാസ്, കെ കെ കൊച്ച്, കെ അംബുജാക്ഷ ന്‍, എം കെ മനോജ്കുമാര്‍, അഡ്വ. സജി കെ ചേരമന്‍, പി എം വിനോദ്, സി ആര്‍ നീലകണ്ഠ ന്‍, വിളയോടി ശിവന്‍കുട്ടി തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിക്കും.വടയമ്പാടി ഭജനമഠം കോളനിക്കും ലക്ഷംവീട് കോളനിക്കും ഏറക്കുറേ മധ്യഭാഗത്തെ ഒരേക്കറോളം വരുന്ന വടയമ്പാടി മൈതാനമെന്നു വിളിക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമിക്കാണ് എന്‍എസ്എസ് കരയോഗം പട്ടയം സമ്പാദിച്ചത്. ക്ഷേത്രഭൂമിക്ക് മതില്‍ കെട്ടാനെന്ന വ്യാജേന ഈ മൈതാനിയാകെ രണ്ടാ ള്‍ ഉയരത്തില്‍ ജയില്‍മതില്‍ തീര്‍ത്തതോടെയാണ് സംഭവത്തില്‍ ദലിത് സംഘടനകള്‍ ഇടപെട്ട് സമരം തുടങ്ങിയത്.ജാതിമതിലെന്നു വിശേഷിപ്പിച്ച ഈ മതിലിന്റെ ഒരുഭാഗം സമരസമിതി പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയിരുന്നു. എന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാനോ പട്ടയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടെ സമരസമിതിയുടെ പന്തല്‍ പൊളിച്ചുനീക്കുകയും നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്നും ആക്ഷേപമുയര്‍ന്നു.താലൂക്ക് ഓഫിസിലോ സര്‍വേ സൂപ്രണ്ട് ഓഫിസിലോ ഡയറക്ടറേറ്റിലോ പോലും ഈ ഭൂമിയുടെ പട്ടയം സംബന്ധിച്ച രേഖകളില്ല. ഇത്തരത്തില്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാലുകോടിയോളം രൂപ വിലവരുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്നു സമരസമിതി വാദിക്കുന്നു. ഇതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വ്യാജ പട്ടയം റദ്ദാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.

RELATED STORIES

Share it
Top