ജാടകളില്ലാതെ ഒരു വിടവാങ്ങല്‍വിആര്‍ജി

നാട്യങ്ങളില്ലാത്ത എഴുത്തുകാരനായിരുന്നു ഇക്കഴിഞ്ഞ ദിവസം 85ാം വയസ്സില്‍ അന്തരിച്ച ജഗദീശ് ത്യാഗരാജന്‍ എന്ന അശോകമിത്രന്‍. തമിഴ് സാഹിത്യത്തില്‍ ജയകാന്തനും പുതുമൈ പിണനും സുന്ദര രാമസ്വാമിയും സഞ്ചരിച്ച വഴിയില്‍ നിന്നു തികച്ചും വ്യത്യസ്തമായ മാര്‍ഗത്തിലായിരുന്നു അദ്ദേഹം. മനസ്സിലുള്ളത് മറച്ചുവയ്ക്കാതെ പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പുതിയ പ്രസ്ഥാനങ്ങളുടെയോ പ്രവണതകളുടെയോ ഒന്നും അമരക്കാരനല്ലാതിരുന്നിട്ടും സ്വന്തമായൊരു ആസ്വാദകസമൂഹത്തെ വള ര്‍ത്തിയെടുത്തു. അതേസമയം, തന്റെ പരിമിതികളെക്കുറിച്ചും പരാധീനതകളെക്കുറിച്ചും തികച്ചും ബോധവാനുമായിരുന്നു.

ജെമിനി സ്റ്റുഡിയോ ജീവനക്കാരന്‍
'തമിഴ് സാഹിത്യപ്രേമികളുടെ ലോകമൊട്ടാകെയുള്ള എണ്ണം എടുത്താല്‍ എനിക്ക് ഒരു 20,000 വായനക്കാരുണ്ടാവും. അതില്‍ ഏതാണ്ട് 1000 പേര്‍ മാത്രമേ എന്റെ പുസ്തകം പണം കൊടുത്തു വാങ്ങൂ. കഥയെഴുതി ജീവിക്കാന്‍ പറ്റില്ലെന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ ലേഖനങ്ങളിലേക്കും വിവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞത്. അവാര്‍ഡുകള്‍ നല്ലതായിരിക്കാം. എന്നാല്‍, അവാര്‍ഡ് സംഖ്യക്കാണ് ഞാന്‍ പരിഗണന നല്‍കുന്നത്.' -രണ്ടായിരാമാണ്ട് അവസാനത്തില്‍ നല്‍കിയ ഒരഭിമുഖത്തില്‍ ഈ എഴുത്തുകാരന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്.
കുടുംബവീട് തമിഴ്‌നാട്ടിലെ മയിലാടും          തുറൈ ആണെങ്കിലും ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ ജനിച്ച ത്യാഗരാജന്‍ 20 വയസ്സുവരെ അവിടെയായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബസുഹൃത്തായ പ്രമുഖ സിനിമാ നിര്‍മാതാവ് എസ് എസ് വാസന്‍ ഒരു ജോലി വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് 1952ല്‍ മദിരാശിയിലെത്തി, വാസന്റെ പ്രശസ്തമായ 'ജെമിനി സ്റ്റുഡിയോയി'ല്‍ ഉദ്യോഗസ്ഥനായി. തെന്നിന്ത്യന്‍ സിനിമാലോകത്തെ അടുത്തു പരിചയപ്പെടാന്‍ ഇക്കാല ജീവിതം സഹായകമായി. 1966ല്‍ വാസനുമായുള്ള ഒരു ചെറിയ സൗന്ദര്യപ്പിണക്കത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച്, മുഴുവന്‍സമയ എഴുത്തുകാരനായി. ഈ സമയത്താണ് അശോകമിത്രന്‍ എന്ന തൂലികാനാമം സ്വീകരിച്ചത്.

ഇംഗ്ലീഷോ തമിഴോ?
ഇംഗ്ലീഷില്‍ കഥകളെഴുതിക്കൊണ്ടാണ് അശോകമിത്രന്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. പിന്നെ മാതൃഭാഷയായ തമിഴോ ഇംഗ്ലീഷോ എന്ന പ്രശ്‌നമുണ്ടായി. 'ഇംഗ്ലീഷിലെഴുതുന്നതാണ് സാമ്പത്തികമായി നല്ലത്. കൂടുതല്‍ അംഗീകാരവും ലഭിക്കും. പക്ഷേ, ഞാന്‍ ചിന്തിക്കുന്ന ഭാഷയില്‍ തന്നെ സാഹിത്യരചന നടത്തിയാലേ എന്റെ ആശയങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാനാവൂ എന്ന് എനിക്കു ബോധ്യമായി. അങ്ങനെ എന്റെ എഴുത്ത് തമിഴിലായി'- അശോകമിത്രന്‍ ഓര്‍മിക്കുന്നു. ചെറുകഥ എന്ന മാധ്യമം തിരഞ്ഞെടുക്കാനുണ്ടായ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്: 'പ്രസിദ്ധീകരിച്ചു കിട്ടാന്‍ ചെറുകഥയാണ് നല്ലത്. മാത്രമല്ല, എഴുതിത്തീര്‍ക്കാനും എളുപ്പമാണ്.' അദ്ദേഹത്തിനെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമാക്കിയതും 'അപ്പാവിന്‍ സ്‌നേഹിതര്‍'(1996) എന്ന കഥാസമാഹാരമാണല്ലോ.

ഇടത്തരക്കാരുടെ കഥാകാരന്‍
മധ്യവര്‍ത്തി സമൂഹത്തിന്റെ വ്യാകുലതകളും വൈഷമ്യങ്ങളുമാണ് അശോകമിത്രന്റെ രചനകളുടെ അന്തര്‍ധാര. സൂക്ഷ്മവും നിര്‍മവുമായ ഹാസ്യം അവയുടെ സവിശേഷതയാണ്. ലളിതമായ ആഖ്യാനം. ആറു ദശകത്തിലധികം നീണ്ട സാഹിത്യസപര്യക്കിടയ്ക്ക് അദ്ദേഹം എട്ടു നോവലുകളും 20 നീണ്ടകഥകളും ഇരുനൂറിലേറെ കഥകളും സംഭാവന ചെയ്തിട്ടുണ്ട്. വരള്‍ച്ചയും ജലക്ഷാമവും വിഷയമാക്കിയ 'തണ്ണീര്‍', സിനിമാരംഗത്തെ അന്തപ്പുരരഹസ്യങ്ങള്‍ വെളിവാക്കുന്ന 'കരിന്തനിഴല്‍കള്‍' സെക്കന്തരാബാദിലെ ജീവിതം ഓര്‍മിപ്പിക്കുന്ന, നാല്‍പതുകളിലെ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ കേന്ദ്രമാക്കിയ '18ാമത് അച്ചക്കൂടു' 'ഒഫാന്‍' ജെമിനി കാലഘട്ടത്തിന്റെ സ്മരണികയായ 'മൈ ഇയേഴ്‌സ് വിത്ത് ബോസ്' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതില്‍ 'തണ്ണീര്‍' നിരൂപകപ്രശംസ നേടിയ സിനിമയാക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സാഹിത്യത്തിന്റെയും ഹോളിവുഡ് സിനിമകളുടെയും ആരാധകനായിരുന്ന അശോകമിത്രനെപറ്റി മൂന്നു ഡോക്യുമെന്ററികളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 25 വര്‍ഷത്തോളം 'കനൈയാഴി' എന്ന സാഹിത്യമാസിക നടത്തിയിരുന്ന അദ്ദേഹം കര്‍ണാടക സംഗീത തല്‍പരനും ആയിരുന്നു. അശോകമിത്രന്റെ 'അലിഞ്ഞുപോയ നിഴലുകള്‍' 'മാനസസരോവരം' എന്നീ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top