ജാഗ്രത ജനാധിപത്യത്തിന്റെ കാതല്‍

എന്‍ പി ചെക്കുട്ടി

തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയുമായി രിസാല വാരികാ പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികാരത്തില്‍ ഇരിക്കുന്നവരോട് ഭയഭക്തിബഹുമാനങ്ങള്‍ ആവശ്യമില്ല. ജനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന നിലയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ ഭാഷ ഉപയോഗിക്കുന്നതില്‍ തെറ്റു പറയാനാകില്ല. പക്ഷേ, അതൊരിക്കലും മറ്റുള്ളവരെ അപമാനിക്കുന്നതോ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലോ ആയി മാറിക്കൂടാ. അവതാരകരുടെ ശരീരഭാഷ പ്രധാനപ്പെട്ട കാര്യമാണ്.
ജനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് ബഹുമാനം ഉണ്ടാകണമെങ്കില്‍ അവര്‍ ആരുടെയും മുമ്പില്‍ മുട്ടുമടക്കുന്നവരല്ല എന്ന തോന്നല്‍ ഉണ്ടാകണം. നട്ടെല്ലു നിവര്‍ത്തി നിന്നുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കണം. അല്‍പം അഹങ്കാരം ഉണ്ടാകുന്നതു തെറ്റല്ല. അത് അമിതമാകുന്നതാണ് പ്രശ്‌നം. രാഷ്ട്രീയക്കാരുടെയോ ഭരണകര്‍ത്താക്കളുടെയോ മുമ്പില്‍ വിനീതവിധേയരാകുന്നതാണ് തെറ്റ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പോസിറ്റീവായ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും ഒരു ബാലന്‍സിങ് സംഭവിക്കും. അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ പറ്റിയ ആളെ കിട്ടാതാവും.
ഇംഗ്ലീഷ് ചാനലുകള്‍ പോലെയല്ല. അര്‍ണബ് ഗോസ്വാമിക്കൊക്കെ ആളെ കിട്ടും. അവിടെ പലേടത്തും അഭിപ്രായം പറയുന്നവര്‍ക്ക് പണം കൊടുക്കും. കേരളത്തില്‍ ഭാഗ്യവശാല്‍ അഭിപ്രായം പറയുന്നവരൊന്നും പണം വാങ്ങുന്നില്ല, കൊടുക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് അവസരമുണ്ട്. ആദ്യം പണം വാങ്ങി കീശയിലിട്ട് അഭിപ്രായം പറയുന്ന സാഹചര്യം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.
ഒരാളുടെ മരണത്തില്‍ ദുഃഖിച്ചിരിക്കുന്ന ഏറ്റവുമടുത്ത ബന്ധുവിനു നേരെ മൈക്ക് നീട്ടി അഭിപ്രായം പറയിപ്പിക്കുന്ന സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അത് തെറ്റാണ്. സംസ്‌കാരശൂന്യമായ പ്രവൃത്തിയാണ്. അത് ബോധപൂര്‍വമായ സംഗതിയായി എനിക്ക് തോന്നുന്നില്ല. മല്‍സരത്തിന്റെ ഭാഗമായി അറിയാതെ പറ്റിപ്പോകുന്നതാണ്. ചാനലുകള്‍ക്കിടയിലെ മല്‍സരം നിയന്ത്രിക്കാന്‍ പ്രത്യേക നടപടി ആവശ്യമില്ല. അത് മാര്‍ക്കറ്റ് നിയന്ത്രിച്ചുകൊള്ളും. ചില ചാനലുകള്‍ മലയാളത്തില്‍ പൂട്ടിയില്ലേ? വേറെ ചിലത് ശ്രദ്ധിക്കപ്പെടാതായില്ലേ? നമുക്ക് ഇത്രയേറെ ചാനലുകള്‍ ആവശ്യമില്ല എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. മൂന്നോ നാലോ ചാനലുകള്‍ മാത്രമേ നിലനില്‍ക്കാനിടയുള്ളൂ. സ്വാഭാവികമായും ഈ മല്‍സരം തന്നെ അക്കാര്യത്തിലൊരു തീര്‍പ്പുണ്ടാക്കും. പ്രേക്ഷകര്‍ക്ക് പരാതികള്‍ ഉന്നയിക്കാനും പരിഹരിക്കപ്പെടാനുമുള്ള വ്യവസ്ഥാപിതമായൊരു സംവിധാനം ഇന്ത്യയില്‍ ഇല്ലെന്നത് വലിയ പോരായ്മയാണ്.
ജനാധിപത്യ സമൂഹങ്ങളിലാകെയും പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതം ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമാണ്. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഒരാളുടെ വ്യക്തിഗതമായ കാര്യങ്ങളും സമൂഹം ശ്രദ്ധിക്കും. ഒരാളോട് കൈക്കൂലി വാങ്ങി 'ഇതു ഞാനും അയാളും മാത്രം അറിയേണ്ട ഇടപാടാണ്' എന്നു പറഞ്ഞൊഴിയാന്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഉറക്കത്തിലും ഉണര്‍വിലും അവരെ മാധ്യമങ്ങള്‍ നിരീക്ഷിക്കും. ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടവര്‍ മൗനം പാലിക്കുമ്പോള്‍ മാധ്യമങ്ങള്‍ നിരന്തരം ചോദ്യം ഉന്നയിക്കും. ഹാദിയ കേസില്‍ പ്രതികരിക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍മാന് താല്‍പര്യമില്ലെങ്കിലും അതു പിന്നെയും പിന്നെയും ചോദിക്കേണ്ട ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കാരണം, ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ചുമതലയാണ്.
ചിലത് ചോദിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിക്കും എന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ചോദ്യം ഉപേക്ഷിക്കാനാകില്ല. അത് അവരുടെ ജോലിയാണ്. മീഡിയയുടെ ഈ ജാഗ്രത കൂടിയില്ലെങ്കില്‍ പല സംഭവങ്ങളുടെയും നിജസ്ഥിതി ജനം അറിയാതെ പോകുമായിരുന്നു. ബിഷപ് ഫ്രാങ്കോയുടെ കേസ് പരിശോധിക്കൂ. മാധ്യമങ്ങളുടെ അമിത ജാഗ്രതയില്ലായിരുന്നെങ്കില്‍ ആ കന്യാസ്ത്രീകള്‍ അവിടെ പട്ടിണി കിടക്കുമെന്നല്ലാതെ, ഒരു നീതിയും അവര്‍ക്ക് കിട്ടുമായിരുന്നില്ല. പോലിസും രാഷ്ട്രീയക്കാരും ചേര്‍ന്നു കേസ് ഒതുക്കുമായിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് പോലിസ് തീര്‍ച്ചപ്പെടുത്തിയ ഘട്ടത്തില്‍ പോലും ഭരിക്കുന്ന രാഷ്ട്രീയ കക്ഷി അതില്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്നാല്‍ എന്താകുമായിരുന്നു സ്ഥിതി? സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കരുതിയാലും ശരി, ഈ അമിത ജാഗ്രത തെറ്റല്ല എന്നാണ് എന്റെ പക്ഷം.
നമ്പി നാരായണന്‍ കേസ് ഒരു സെന്‍സേഷനല്‍ ഇഷ്യൂ ആയതുകൊണ്ട്, പ്രത്യേകിച്ച് മാലി സ്ത്രീകളൊക്കെ ഉള്‍പ്പെട്ട കേസായതുകൊണ്ട് മാര്‍ക്കറ്റിങ് താല്‍പര്യത്തോടെ പൊലിപ്പിച്ചെഴുതുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ചില ലേഖകരാണ് അതിനു നേതൃത്വം വഹിച്ചത്. അതൊരു ജീര്‍ണിച്ച ശൈലിയാണ്. അന്നുതന്നെ പല മാധ്യമപ്രവര്‍ത്തകരും അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, പ്രധാനപ്പെട്ട ചില പത്രങ്ങള്‍ പോലിസില്‍ നിന്നുള്ള വിവരങ്ങള്‍ യാതൊരു അന്വേഷണവുമില്ലാതെ പൊലിപ്പിച്ചെടുക്കുകയായിരുന്നു.
ഇതുതന്നെയാണ് ലൗജിഹാദ് കേസിലും സംഭവിച്ചത്. തികച്ചും നിരുത്തരവാദപരമായാണ് മിക്ക പത്രങ്ങളും ലൗജിഹാദിനെ സമീപിച്ചത്. ഇത്തരം കാര്യങ്ങളില്‍ തെറ്റു പറ്റും. അങ്ങനെ പറ്റുമ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ വ്യാപകമായി നടക്കണം. നമ്പി നാരായണന്റെ കേസിലും വലിയ തെറ്റുകള്‍ മാധ്യമങ്ങള്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും പറ്റിയിട്ടുണ്ട്, അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും പറ്റിയിട്ടുണ്ട്. ജുഡീഷ്യറിക്കും പറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ ചില വിധികള്‍ സുപ്രിംകോടതി തിരുത്തുകയുണ്ടായല്ലോ. ഇത്തരം കേസുകളില്‍ മാധ്യമങ്ങളെ മാത്രമായി കുറ്റപ്പെടുത്താതെ പൊതുസമൂഹത്തിനുകൂടി സംഭവിക്കുന്ന വീഴ്ചയായി കാണുകയാണ് അഭികാമ്യം.
പറ്റിയ തെറ്റ് തിരുത്തുകയെന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പരിചയിച്ചിട്ടില്ല. തെറ്റുകളൊന്നും സംഭവിക്കാത്ത സ്ഥാപനങ്ങള്‍ എന്നാണ് മാധ്യമങ്ങള്‍ സ്വയം കരുതുന്നത്. മുമ്പൊക്കെ തെറ്റ് ചൂണ്ടിക്കാട്ടി ഒരു കത്ത് അയച്ചാല്‍ മാധ്യമങ്ങള്‍ അത് പ്രസിദ്ധപ്പെടുത്താന്‍ മടിക്കുമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തിരുത്തുന്ന ശീലമുണ്ട്. എന്നാല്‍, തെറ്റുകള്‍ തിരുത്താന്‍ മടിക്കുന്ന കള്‍ച്ചര്‍ നമുക്ക് പണ്ടേയുണ്ട്. അത് മാറേണ്ടതാണ്. അത് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ കേരളത്തില്‍ പരാജയമാണെന്നു പറയാം. സോഷ്യല്‍ മീഡിയ ഏറ്റവും മോശമായി ഉപയോഗിക്കുന്നവരാണ് മലയാളികള്‍. ഇംഗ്ലണ്ടില്‍ നിന്നോ അമേരിക്കയില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ ശ്രദ്ധിച്ചാല്‍ അറിയാം, അവര്‍ ആളുകളെ കുറ്റം പറയുന്നില്ല. ഒരാള്‍ക്ക് അപമാനം ഉണ്ടാക്കുന്നതൊന്നും എഴുതുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് ചില സ്വയം നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കേരളത്തിലോ? ആളുകളെ തെറി പറയുക, മോശക്കാരായി ചിത്രീകരിക്കുക- ഇതൊക്കെയാണ് നടക്കുന്നത്. അതിനു വേണ്ടി 'പൊങ്കാല' എന്നൊരു വാക്കു തന്നെ നമ്മള്‍ ഉപയോഗിക്കുന്നു. കേരളത്തിന്റെ മുഖം അപഹാസ്യമാക്കുന്നതിലും മലയാളികളെയാകെ ഊളന്‍മാരായി അവതരിപ്പിക്കുന്നതിലും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോള്‍ പലരും അത് തിരിച്ചറിയുന്നുണ്ട്. പലരും അവിടെ നിന്നു പിന്‍വാങ്ങിത്തുടങ്ങി.
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചവറുകള്‍ ഇടക്കാലത്ത് പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വഴിയേ ചാനലുകളും അത് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ വലിയ പരാജയമാണെന്ന് പലരും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. മീഡിയ ഗൗരവതരമായ പുനരാലോചനയിലേക്ക് പ്രവേശിച്ചുവെന്നാണ് മനസ്സിലാകുന്നത്. ി

(അവസാനിച്ചു)

RELATED STORIES

Share it
Top