ജസ്‌ന മരിയ: വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ (20) കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ അറിയിക്കാം. ഡിവൈഎസ്പി, തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫിസ്): 0469 2630226, മൊബൈല്‍: 9497990035, ഇ-മെയില്‍: റ്യുെ്േഹഹമുമേ.ുീഹ@സലൃമഹമ.ഴീ്.ശി.
മാര്‍ച്ച് 22 മുതലാണ് ജസ്‌നയെ കാണാതായത്. 50 ദിവസം പിന്നിട്ടിട്ടും ജസ്‌നയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനിടെ, ബംഗളൂരുവിലെ ധര്‍മാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്‌ന അല്ലെന്ന് കേരളാ പോലിസ് സ്ഥിരീകരിച്ചു. ആശ്വാസ് ഭവനില്‍ സുഹൃത്തുമായി എത്തിയത് മറ്റൊരു മലയാളി വിദ്യാര്‍ഥിനിയാണ്. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതു വ്യക്തമായത്. ഇരുവരും പോയ നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണസംഘം പരിശോധന നടത്തി. രണ്ടു സംഘങ്ങള്‍ കര്‍ണാടകത്തിലും ഒരു സംഘം കേരളത്തിലും തിരച്ചില്‍ തുടരുകയാണ്. ജസ്‌നയുടെ സഹോദരിയുടെ മോബൈലിലേക്ക് വന്ന മിസ്ഡ് കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. മുണ്ടക്കയം പുഞ്ചവയല്‍ എന്ന സ്ഥലത്ത് ജസ്‌ന നില്‍ക്കുന്നതിന്റെയും ഒരു സ്വകാര്യ ബസ്സില്‍ ജസ്‌ന ഇരിക്കുന്നതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പോലിസിനു കിട്ടി. അന്വേഷണം ഫലപ്രദമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിവരുകയാണ്.

RELATED STORIES

Share it
Top