ജസ്‌ന തിരോധാന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: ജസ്‌ന തിരോധാന കേസിന്റെ അന്വേഷണം ലോക്കല്‍ പോലിസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് നല്‍കിയ ഹരജി 10ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലിസ് അന്വേഷണ ഫയലുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ടീമിനായിരിക്കും അന്വേഷണ ചുമതല.
ആറു മാസത്തെ അന്വേഷണം മതിയാക്കി ജസ്‌ന തിരോധാന കേസ് ഒരു ഘട്ടത്തിലുമെത്താതെ ഫയല്‍ മടക്കുകയാണ് ലോക്കല്‍ പോലിസ് ചെയ്തിരിക്കുന്നത്. 20 പേരുടെ ടീമില്‍ തുടങ്ങിയ അന്വേഷണം അവസാനം നാലുപേരിലേക്കു ചുരുങ്ങി. അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവല്ല ഡിവൈഎസ്പി മൂന്നു മാസം മുമ്പ് വിരമിച്ച ശേഷം കൃത്യമായ ചുമതല ആര്‍ക്കും ഉണ്ടായിരുന്നില്ല. വ്യക്തമായ സൂചനകളായെന്ന് തുടരെ ആവര്‍ത്തിച്ച പോലിസ് തങ്ങള്‍ക്ക് ജസ്‌നയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന ഒറ്റവാചക റിപോര്‍ട്ട് എഴുതിയാണ് ഫയല്‍ ക്രൈംബ്രാഞ്ചില്‍ ഏല്‍പിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്‌ന മരിയ ജയിംസ് മാര്‍ച്ച് 22നാണു കാണാതായത്.
കേരളത്തിലും പുറത്തും തിരച്ചില്‍ നടത്തിയതിനൊപ്പം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും സഹപാഠികളെ നേരില്‍ കണ്ടും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്നതിനു പോലും വ്യക്തമായ ഉത്തരം നല്‍കാന്‍ പോലിസിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏ ല്‍പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top