ജസ്‌നയുടെ തിരോധാനം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പരിശോധിക്കും

പത്തനംതിട്ട: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയതോടെ പോലിസ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു ജസ്‌നയെ കാണാതായിട്ട് 95 ദിവസങ്ങള്‍ പിന്നിടുമ്പോഴും എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനാവുന്ന ഒരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
കേസില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ജസ്‌നയ്ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ജസ്‌നയുമായി സാമ്യം തോന്നിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണ് പോലിസ് തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ മൂന്നു മൃതദേഹങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്.
അതേസമയം, ജസ്‌നയുടെ ആണ്‍സുഹൃത്തിനെയും അച്ഛനെയും 15ലേറെ തവണ ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്ന് പോലിസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ആണ്‍സുഹൃത്തിനെ സംശയമുണ്ടെന്ന് ജസ്‌നയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പോലിസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ജസ്‌നയുടെ വീട്ടുകാര്‍ ഉള്‍െപ്പടെ പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പോലിസിനെ കുഴ—ക്കുന്നുണ്ട്.
അതേസമയം, കേസിന്റെ ആദ്യഘട്ടം കേസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ആദ്യം കേസ് അന്വേഷിച്ചവര്‍ ഗൗരവമായി സമീപിക്കാത്തതാണ് തെളിവുകള്‍ നശിക്കാന്‍ കാരണമായത്. പ്രത്യേക അന്വേഷണസംഘത്തിനും ഇതേ നിലപാടാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള ഒരു സംഘം ഇപ്പോള്‍ തമിഴ്‌നാട്ടിലുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ ലഭിച്ച മൃതദേഹം ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

RELATED STORIES

Share it
Top