ജസ്‌നയുടെ തിരോധാനം; കേസ് സിബിഐക്ക് കൈമാറണമെന്ന ഹരജിയില്‍ ഹൈക്കോടതി നോട്ടീസ്

കൊച്ചി: പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച കേസ് സിബിഐക്കു കൈമാറണമെന്ന ഹരജിയില്‍ സിബിഐക്കും പോലിസ് അടക്കമുള്ള മറ്റ് എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്‌നയെ കുറിച്ച് എന്തെങ്കിലും വ്യക്തമായ തെളിവുണ്ടോയെന്ന് വാദം കേള്‍ക്കലിനിടെ കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇല്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
വ്യക്തമായ തെളിവുകളില്ലാതെ എന്തിനാണ് വനത്തിലും സമുദ്രത്തിലും തിരച്ചില്‍ നടത്തുന്നതെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ രീതിയിലെല്ലാം അന്വേഷണവും തിരച്ചിലും നടത്തുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 4ലേക്ക് മാറ്റി.
മാര്‍ച്ച് 22നു മകളെ കാണാതായെന്നു കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ വെച്ചൂച്ചിറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തുമാണ് ഹരജി നല്‍കിയത്.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് ഹരജി പറയുന്നു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു പറഞ്ഞിട്ടുപോലും വേണ്ട വിവരം ലഭിക്കുന്നില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top