ജസ്റ്റിസ് ലോയ കേസിലെ പരാമര്‍ശം ഇന്ദിര ജയ്‌സിങിന്റെ ഹരജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസുമായി ബന്ധപ്പെട്ട തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് എ വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യം ഏപ്രില്‍ 19ന് കോടതി തള്ളിയിരുന്നു. ഏപ്രില്‍ 19ലെ ഉത്തരവ് പുറപ്പെടുവിക്കവേ തനിക്കെതിരേ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ജയ്‌സിങ് ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ അഭിഭാഷകര്‍ നീതിന്യായ വ്യവസ്ഥയ്ക്കു നേരെ തുറന്ന ആക്രമണത്തിനു മുതിര്‍ന്നുവെന്നായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹരജി നല്‍കിയ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഇന്ദിര ജയ്‌സിങ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരെക്കുറിച്ചായിരുന്നു ചീഫ്ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ചിന്റെ പരാമര്‍ശം.

RELATED STORIES

Share it
Top