ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണമില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തെ കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹരജികള്‍ക്ക് സാംഗത്യമില്ലെന്ന നിഗമനത്തിലാണ് ബെഞ്ച് എത്തിയിരിക്കുന്നതെന്ന് വിധിന്യായം എഴുതിയ ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ലോയയുടെ മരണസമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നാലു ജഡ്ജിമാരുടെ വ്യക്തവും സ്ഥിരവുമായ മൊഴികള്‍ അവിശ്വസിക്കേണ്ടതായ ഒരു കാരണവുമില്ല. മരണം സ്വാഭാവികമാണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാവുന്നതെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ തന്നെ മരണത്തിന്റെ കാരണങ്ങളോ സാഹചര്യമോ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ മതിയായ കാരണങ്ങളില്ല.
ഹരജിക്കാരുടെയും കേസില്‍ കക്ഷിചേര്‍ന്നവരുടെയും ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അവര്‍ ജുഡീഷ്യറിയെ ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കു വ്യക്തിപരമായ അജണ്ടകളില്ലെന്നും കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ശ്രമമെന്നും കേസിലെ ഹരജിക്കാരും കക്ഷി ചേര്‍ന്നവരും കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കോടതി പ്രതികരിച്ചു. ലോയയുടെ മരണസമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ മൊഴികള്‍ക്കൊപ്പമാണ് ഈ കോടതി നില്‍ക്കേണ്ടത്. ജില്ലാ ജഡ്ജിമാര്‍ അവരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തിന് ഇരയാവുകയാണെന്നും സുപ്രിംകോടതി അവരോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമെന്നും ബെഞ്ച് ഉത്തരവില്‍ പറയുന്നു.
പൊതുതാല്‍പര്യ ഹരജി നടപടികള്‍ ദുരുപയോഗം ചെയ്ത് ബിസിനസ്, രാഷ്ട്രീയ പോരാട്ടങ്ങള്‍ കോടതിയില്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ് ലോയയും ഭാര്യയും തമ്മില്‍ നടത്തിയ സംഭാഷണം ഉദ്ധരിച്ച് കാരവന്‍ മാസികയില്‍ വന്ന റിപോര്‍ട്ട്, ഈ കേസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് കോടതി പറഞ്ഞത്.

RELATED STORIES

Share it
Top