ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടു.  1992ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു. 2001ല്‍ വിരമിച്ചതിനെത്തുടര്‍ന്ന് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായി. 2002 ല്‍ വിരമിച്ചു.


സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജി : മുഖ്യമന്ത്രി
നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച  ജഡ്ജിയായിരുന്നു ഡി. ശ്രീദേവിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തെക്കുറിച്ച് അവര്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ജഡ്ജിയായിരിക്കെയും  വനിതാ കമ്മീഷന്റെ അധ്യക്ഷയായിരിക്കെയുമൊക്കെ മലയാളികള്‍ മനസ്സിലാക്കിയിരുന്നതാണ്.
നിയമ സാങ്കേതികതക്കുള്ളില്‍  കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ്.  ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനിതാകമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.  നിയമരംഗത്ത് തനിക്കുള്ള  പരിചയസമ്പത്തും പ്രാഗത്ഭ്യവും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവര്‍  വിനിയോഗിച്ചുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

നിയമമന്ത്രി എ കെ ബാലന്‍ അനുശോചിച്ചു
അഭിഭാഷക, ഹൈക്കോടതി ജഡ്ജി, വനിതാകമ്മീഷന്‍ അദ്ധ്യക്ഷ തുടങ്ങിയ നിലകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവി. അവരുടെ വേര്‍പാട് കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണ്-അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top