ജസ്റ്റിസ് ജോസഫിനെ സുപ്രിം കോടതി ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും ശിപാര്‍ശ ചെയ്യാന്‍ കൊളീജിയത്തിന്റെ തീരുമാനംന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് സുപ്രിം കോടതി ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും
ശിപാര്‍ശ  ചെയ്യാന്‍ സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം ബുധനാഴ്ച വീണ്ടും യോഗം ചേരും. ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാരേക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങളും കൊളീജിയം ഇന്ന് ചര്‍ച്ച ചെയ്തു. ഈ ജഡ്ജിമാരുടെ പേരിനൊപ്പമാണോ മറ്റൊരു ശുപാര്‍ശയായി വേണമോ കെ.എം ജോസഫിന്റെ പേര് നല്‍കാന്‍ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടില്ല.

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവത്തില്‍ കൊളീജിയം ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്. കെ എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കൊളീജിയം യോഗത്തില്‍ ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്രത്തിന്റെ നിലപാടെന്നാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നത്.
2016ല്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരിക്കേ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് കെ എം ജോസഫിന്റെ നടപടിയാണ് കേന്ദ്രത്തിന് അദ്ദേഹത്തിനോടുള്ള വിരോധത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍, കേരളത്തിന് നിലവില്‍ സുപ്രിംകോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യമുള്ളതിനാലും കെ എം ജോസഫിനേക്കാള്‍ മുതിര്‍ന്ന മറ്റു ജഡ്ജിമാര്‍ ഉള്ളതിനാലുമാണ് ശുപാര്‍ശ മടക്കിയതെന്നാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ ന്യായം. കെ എം ജോസഫിനെ നിയമിക്കാനുള്ള ശുപാര്‍ശ കൊളീജിയം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്രത്തിന് അത് അംഗീകരിക്കേണ്ടി വരും.

RELATED STORIES

Share it
Top