ജസ്റ്റിസ് ജോസഫിനെ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. ഈ വര്‍ഷമാദ്യത്തില്‍ കെ എം ജോസഫിന്റെ പേര് കൊളീജിയം നിര്‍ദേശിച്ചെങ്കിലും ശുപാര്‍ശ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം മടക്കുകയായിരുന്നു. എന്നാല്‍, ജസ്റ്റിസ് ജോസഫിന്റെ യോഗ്യത ചോദ്യം ചെയ്യുന്ന ഒരു കാര്യം പോലും കേന്ദ്ര നിയമമന്ത്രി അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കൊളീജിയം വ്യക്തമാക്കി.
കെ എം ജോസഫിനെ കൂടാതെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രിംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ അഞ്ചംഗ കൊളീജിയം മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. ഏപ്രില്‍ 26ന് ജോസഫിന്റെ ശുപാര്‍ശ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കൊളീജിയത്തിന് കത്തയക്കുകയായിരുന്നു.
സീനിയോറിറ്റി, കേരള ഹൈക്കോടതിയില്‍ നിന്ന് ആവശ്യത്തിനുള്ള പ്രാതിനിധ്യം, തുടങ്ങിയ കാരണങ്ങളാണ് ഇതിനു കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടിയത്. 2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് കെ എം ജോസഫായിരുന്നു.
ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തതോടെ കേന്ദ്ര ത്തിന് ഇത് അംഗീകരിക്കേണ്ടിവരും. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രിംകോടതിയില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നാകും. അതോടെ സുപ്രിംകോടതിയുടെ ചരിത്രത്തിലെ എട്ടാമത്തെ വനിതാ ജഡ്ജിയാകും ഇന്ദിര ബാനര്‍ജി.

RELATED STORIES

Share it
Top