ജസ്റ്റിസ് കെ എം ജോസഫ്: നിയമനം ഇനിയും വൈകും

തീരുമാനമെടുക്കാതെ വീണ്ടും കൊളീജിയംന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് വീണ്ടും അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കൊളീജിയം മൂന്നാംതവണയും മാറ്റിവച്ചു.
ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ഈ മാസം 11ന് ചേര്‍ന്ന കൊളീജിയം യോഗം തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ജോസഫിന്റെ പേര് പ്രത്യേകം ശുപാര്‍ശ ചെയ്യണോ അതോ മറ്റു ജഡ്ജിമാരോടൊന്നിച്ച് നല്‍കിയാല്‍ മതിയോ എന്ന കാര്യം ഉറപ്പിച്ചിരുന്നില്ല.
മറ്റു ഹൈക്കോടതികളില്‍ നിന്ന്  സ്ഥാനക്കയറ്റം കിട്ടേണ്ട ജഡ്ജിമാരുടെ പേരുകള്‍ക്കൊപ്പം അയക്കാനാണ് അവസാനം ചേര്‍ന്ന കൊളീജിയം യോഗത്തില്‍ ഏകദേശ ധാരണയായത്. ഇതിനായി വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനായാണ് ബുധനാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നത്. എന്നാല്‍, ഈ യോഗത്തിലും തീരുമാനമായില്ല. ഇതോടെ, ജോസഫിന്റെ നിയമന നടപടികള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി.
മൊത്തം 31 പേര്‍ വേണ്ടിടത്ത് ഇപ്പോള്‍ സുപ്രിംകോടതിയില്‍ 25 ജഡ്ജിമാരാണുള്ളത്. വേനലവധിക്കായി കോടതി ഇന്ന് അടയ്ക്കുന്നതിനാല്‍ ജൂലൈ രണ്ടിന് മുമ്പ് ഇനി കൊളീജിയം ചേരാന്‍ സാധ്യതയില്ല. അടുത്ത കൊളീജിയം തിയ്യതി ഇന്നലെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.

RELATED STORIES

Share it
Top