ജസ്റ്റിസ് കെമാല്‍പാഷയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

കൊച്ചി: ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് ബി കെമാല്‍പാഷയുടെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചതായി പരാതി. ഇതുസംബന്ധിച്ച് കെമാല്‍പാഷ എറണാകുളം റേഞ്ച് ഐജി പി വിജയന് പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ജസ്റ്റിസ് കെമാല്‍പാഷയുടെ ചിത്രമാണു ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ അന്തസ്സിനു കളങ്കം ചാര്‍ത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള താവളമായി നുഴഞ്ഞുകയറ്റക്കാര്‍ ഇതിനെ വിനിയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ അക്കൗണ്ട് നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നുമാണ് പ്രൈവറ്റ് സെക്രട്ടറി മുഖേന ജസ്റ്റിസ് ബി കെമാല്‍പാഷ നല്‍കിയിട്ടുള്ള പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തു സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടന്നുവരുകയാണെന്ന് സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു.

RELATED STORIES

Share it
Top