ജല അതോറിറ്റിയുടെ കുടിവെള്ള പ്ലാന്റ് ഉപേക്ഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പതിനാറു കോടി ചെലവിട്ട് പണി പൂര്‍ത്തിയാക്കിയ അരുവിക്കരയിലെ ജല അതോറിറ്റിയുടെ കുടിവെള്ള പ്ലാന്റ്് ആവശ്യമില്ലെന്ന് നിര്‍ദേശം.
പണി പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ജല അതോറിറ്റിയുടെ കുപ്പിവെള്ളത്തിനെതിരേയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം വന്നിട്ടുള്ളത്്. നിരവധി സ്വകാര്യ കമ്പനികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജല അതോറിറ്റിയുടെ കുപ്പിവെള്ളം ആവശ്യമില്ലെന്നും ജല അതോറിറ്റി കുപ്പിവെള്ള വിപണിയില്‍ ഇറങ്ങി സമയം നഷ്ടപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജല അതോറിറ്റി എംഡിക്കു കത്തയച്ചത്്. നിര്‍മാണം പൂര്‍ത്തിയായി പരീക്ഷണപ്രവര്‍ത്തനം വിജയകരമായി നടത്തിയ ശേഷമാണ് നിര്‍ദേശം വന്നത്്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെയും അനുമതി ലഭിച്ചാല്‍ കുപ്പിവെള്ളം പുറത്തിറക്കാം. പ്ലാന്റിന് ആറുകോടികൂടി ചെലവഴിച്ചതിന്റെ പുതുക്കിയ അടങ്കല്‍ തുകയ്ക്ക് ജല അതോറിറ്റി ഭരണാനുമതി തേടിയിരുന്നു. ഇതിന് അനുമതി നിഷേധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കുപ്പിവെള്ള പദ്ധതി ആവശ്യമില്ലെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. 2015 ഒക്ടോബറിലാണു പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016 ജനുവരിയില്‍ പ്ലാന്റ് നിര്‍മാണത്തിനു തുടക്കമിട്ടിരുന്നു. അരുവിക്കര അണക്കെട്ടിനടുത്ത് ഒരേക്കര്‍ സ്ഥലത്താണ് പ്ലാന്റ്്് സ്ഥാപിച്ചത്്. രണ്ട് ശുദ്ധീകരണ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്്്. ഒരു യന്ത്രത്തില്‍ മണിക്കൂറില്‍ ഒരു ലിറ്ററിന്റെ 3600 കുപ്പികള്‍ നിറയ്ക്കാം. 500 മില്ലീലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 20 ലിറ്റര്‍ കുപ്പികളിലാണ് വെള്ളം പുറത്തിറക്കുന്നത്.
24 മണിക്കൂറും പ്ലാന്റ് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചു വില്‍പനയ്ക്കായി ഏജന്‍സികളെ നിയോഗിക്കാതെ അതോറിറ്റി നേരിട്ടു വിപണിയിലെത്തിക്കാനായിരുന്നു പദ്ധതി. പരീക്ഷണ പ്രവര്‍ത്തനവും വിജയിച്ചു കുപ്പിവെള്ളം വിപണിയിലിറങ്ങാറായപ്പോഴാണു പുതിയ നീക്കം. സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ തന്നെ പദ്ധതിക്കു തുരങ്കം വയ്ക്കുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്്്.
സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദമാണ് നിര്‍ദേശത്തിനു പിന്നിലെന്ന്്് ജല അതോറിറ്റി ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.  അതേസമയം അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്തിനെപ്പറ്റി അറിയില്ലെന്നും കുപ്പിവെള്ള പ്ലാന്റ് ഉപേക്ഷിക്കാനുള്ള നീക്കമില്ലെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഈ വര്‍ഷം തന്നെ പ്ലാന്റ്്് തുറക്കുമെന്നും ജപ്പാനില്‍ നിന്നുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള ലൈസന്‍സിനുള്ള നടപടികള്‍ ആരംഭിക്കാന്‍ എംഡിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top