ജലസേചനത്തിനായി കുളംകുഴിക്കാന്‍ തയ്യാറെടുത്ത കര്‍ഷകന് ഭീഷണിമണ്ണഞ്ചേരി: നാലേക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാന്‍ ജലസേചനത്തിനായി കുളംകുഴിക്കാന്‍ തയ്യാറെടുത്ത കര്‍ഷകനെ ഒരു സംഘമെത്തി ഭീഷണിപ്പെടുത്തി. മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് കാവുങ്കല്‍ പനച്ചിക്കല്‍ ഹൗസില്‍ പി ജി വര്‍ഗീസ് എന്ന കര്‍ഷകനാണ് ഈ ദുരനുഭവം. തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്ത് വര്‍ഷങ്ങളായി തെങ്ങ്, വാഴ, പച്ചക്കറി, കപ്പ എന്നീ ഇടവിളകള്‍ മുടങ്ങാതെ കൃഷി ചെയ്തുവരികയാണെന്നും ഈ വരള്‍ച്ചക്കാലത്ത് കൃഷി ആവശ്യത്തിനായി വെള്ളം ലഭിക്കാതെ വന്നതോടെയാണ് തന്റെ പുരയിടത്തിലെ നാല് കുളങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജലസേചന സൗകര്യം മെച്ചപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനായി ഏഴോളം തൊഴിലാളികളെ നിയോഗിച്ചെങ്കിലും പ്രദേശത്തെ ചില രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തി മടക്കിയയ്ക്കുകയായിരുന്നെന്ന് വര്‍ഗീസ് പറഞ്ഞു. മണ്ണഞ്ചേരി കൃഷി ഓഫിസര്‍, മണ്ണഞ്ചേരി പോലിസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കഴിഞ്ഞ മൂന്നിന് പരാതി നല്‍കിയെങ്കിലും ഇവരാരും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പരാതിയുമായി മണ്ണഞ്ചേരി പോലിസിനെ സമീപിച്ചെങ്കിലും സിവില്‍ സംബന്ധമായ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നായിരുന്നു പോലിസ് അധികൃതരുടെ മറുപടി. എന്നാല്‍ തടയാനെത്തിയവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തയ്യാറാണെന്നും പോലിസ് വര്‍ഗീസിനെ ധരിപ്പിച്ചു. മണ്ണഞ്ചേരി കൃഷി ഓഫിസറാകട്ടെ വിഷയത്തില്‍ ബന്ധപ്പെടില്ലെന്ന നിഷേധതാത്മക നിലാപാടാണ് സ്വീകരിച്ചതെന്നും വര്‍ഗീസ് പറയുന്നു. സംസ്ഥാനത്ത് കാര്‍ഷികമേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന നയം സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ് മണ്ണഞ്ചേരിയില്‍ പാരമ്പര്യ കര്‍ഷകനായ വര്‍ഗീസിന് ഈ ദുര്‍ഗതി. ജില്ലാ ഭരണകൂടവും കൃഷിവകുപ്പും വിഷയത്തില്‍ ബന്ധപ്പെട്ട് അനന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വര്‍ഗീസ്.

RELATED STORIES

Share it
Top