ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജില്ല പിന്നിലെന്ന് വിലയിരുത്തല്‍

കണ്ണൂര്‍: ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വലിയ നിലയിലേക്ക് കൊണ്ടുപോവാന്‍ സാധിച്ചിട്ടില്ലെന്ന് സംസ്ഥാന ജലസംരക്ഷണ കണ്‍സള്‍ട്ടറ്റന്റ് എബ്രഹാം കോശി. ഹരിതകേരളം മിഷന് കീഴില്‍ ജില്ലയില്‍ അടുത്ത 60 ദിനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളുമായി ബന്ധപ്പെട്ടു ചേര്‍ന്ന കണ്‍സള്‍ട്ടന്റുമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഴകൈയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തി അതിര് നിശ്ചയിക്കണം. അനധികൃത മണല്‍വാരല്‍ അവസാനിപ്പിക്കുന്നതിന് മണല്‍ ഓഡിറ്റ് നടത്തണം. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പുഴ സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ കഴിയും. ഇതിനായി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും.പുഴയോര ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. നീര്‍ത്തടാധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതില്‍ ഏറെ മുന്നോട്ടുപോവാനുണ്ട്.
ജനകീയ മുന്നേറ്റത്തോടെ പ്രവര്‍ത്തിച്ചാല്‍ പഴശ്ശി കനാലിലൂടെ വെള്ളമൊഴുക്കാന്‍ സാധിക്കും. ഷട്ടറുകള്‍ നന്നാക്കുന്നതു സംബന്ധിച്ച് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 30നകം മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എംസിഎഫ്) സ്ഥാപിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി. സപ്തംബര്‍ ഒന്നിന് എല്ലായിടത്തും അജൈവ മാലിന്യശേഖരണം തുടങ്ങും. ജില്ലയില്‍ എല്ലായിടത്തും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ (എംആര്‍എഫ്) ഒക്‌ടോബറില്‍ സ്ഥാപിക്കാന്‍ കഴിയണമെന്നും യോഗം നിര്‍ദേശിച്ചു. ഒക്‌ടോബര്‍ രണ്ട് ആവുമ്പോഴേക്കും മാലിന്യസംസ്‌കരണത്തില്‍ ജില്ലയെ ഒന്നാമതാക്കാന്‍ കഴിയുമെന്ന് മിഷന്‍ ശുചിത്വ കണ്‍സള്‍ട്ടറ്റന്റ് എം ജഗജീവന്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ നിയമപരമായ നടപടികള്‍ ശക്തിപ്പെടുത്തണം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പോലിസ് മേധാവി, ഡിഎംഒ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സമിതി താഴേ തട്ടിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ കൃഷി കണ്‍സള്‍ട്ടന്റ് എസ് യു സഞ്ജീവ്, മേയര്‍ ഇ പി ലത, ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം ഇ മുഹമ്മദ് യൂസഫ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സോമശേഖരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top