ജലസംരക്ഷണ ഉപദൗത്യം: നീര്‍ത്തട പഠനയാത്ര നടത്തി

മേപ്പാടി: ഹരിതകേരളം പദ്ധതിയിലെ ജലസംരക്ഷണ ഉപദൗത്യത്തിന്റെ ഭാഗമായി മാങ്ങാവയല്‍ നീര്‍ത്തടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദിന്റെ നേതൃത്വത്തിലുള്ള സംഘം പഠനയാത്ര നടത്തി. ജലസ്രോതസ്സുകള്‍ വിവിധ കാരണങ്ങളാല്‍ ദുര്‍ബലമാവുന്നതും നാടിനുപകാരപ്പെടേണ്ട ജലം പാഴാവുന്നതും മലിനമാവുന്നതും കണ്ടു മനസ്സിലാക്കാന്‍ സംഘത്തിനു കഴിഞ്ഞു.
പ്രശ്‌നത്തിനുള്ള ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങളും വിദഗ്ധ സംഘം കണ്ടെത്തി. തദ്ദേശ സ്വയംഭരണം, ജലസേചനം, കൃഷി വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ യാത്രയില്‍ ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറും പഞ്ചായത്ത് തല ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനറുമായ വികാസ് കോറോത്ത്, പഞ്ചായത്ത് അംഗം ലളിതാ മോഹന്‍ദാസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി വി മാത്യു, കൃഷി ഓഫിസര്‍ എം ഷംഷീര്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ജെ ജെ നിത്യ, കല്‍പ്പറ്റ ബ്ലോക്ക് ഐഡബ്ല്യുഎംപി എസ്എം വി രജനി, നീര്‍ത്തട കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യന്‍ ചെമ്പോത്തറ, സി മോഹന്‍ദാസ്, ഓവര്‍സിയര്‍മാരായ കെ പി പ്രിന്‍സി, സക്കറിയ എന്നിവര്‍ പ്രസിഡന്റിനെ അനുഗമിച്ചു.
കുളങ്ങള്‍, തടയണകള്‍, നീരുറവകള്‍, ബണ്ടുകള്‍, തോടുകള്‍ എന്നിവയുടെ സ്ഥാനം കണ്ടെത്തി സംരക്ഷിക്കുന്നതിനും നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കും.
പഞ്ചായത്തില്‍ ഉറവയെടുത്ത് ഒഴുകി പാഴാവുന്ന വെള്ളം സംരക്ഷിച്ച് ജലസേചനത്തിനും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ ടെക്‌നിക്കല്‍ കമ്മിറ്റിയുണ്ട്.
പഞ്ചായത്ത് അതിര്‍ത്തിയായ മണ്ടകക്കുനിയില്‍ രാവിലെ ആരംഭിച്ച നടത്തം കോട്ടവയല്‍, മാനിവയല്‍, വിളക്കിത്തറ, ചെമ്പോത്തറ, കോട്ടത്തറവയല്‍, വെണ്ടേക്കുമൂല,  കൈതക്കൊല്ലി, പൂത്തക്കൊല്ലി എന്നിവിടങ്ങള്‍ പിന്നിട്ട് വൈകീട്ട് കുണ്ടുവയലില്‍ സമാപിച്ചു.

RELATED STORIES

Share it
Top