ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം അവതാളത്തില്‍

കായംകുളം: ജലഅതോറിറ്റിയുടെ കായംകുളം പത്തിയൂരിലെ ജലശുദ്ധീകരണ ശാലയുടെ ശോച്യാവസ്ഥ സമീപ വാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു. ശുദ്ധീകരണത്തിനായി പ്ലാന്റിലെത്തുന്ന വെള്ളം സംഭരിക്കാനാവാതെ പുറത്തേക്ക് ഒഴുക്കിവിടുന്നത്് സമീപ വീടുകളില്‍ കനത്തവെള്ളക്കെട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ യാതൊരു നവീകരണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ഇതുമൂലം ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കായംകുളം നഗരസഭ, ആറാട്ടുപുഴ പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളമെത്തുന്നത് ഈ പ്ലാന്റില്‍ നിന്നുമാണ്. അച്ചന്‍കോവിലാറിലെ കണ്ടിയൂര്‍ ആറാട്ട് കടവില്‍ നിന്നും ശേഖരിക്കുന്ന വെള്ളം പൈപ്പ് ലൈനിലൂടെ പത്തിയൂരിലെ ശുദ്ധീകരണ ശാലയില്‍ എത്തി ശുദ്ധീകരിച്ചാണ് വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജലം വിതരണത്തിനായി പൈപ്പ് ലൈനിലൂടെ എത്തിക്കുന്നത്.
ശുദ്ധീകരണ ശാലയില്‍ എത്തുന്ന ജലം ഇപ്പോള്‍ സംഭരിക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകുകയാണ്. ഇതു മൂലം സമീപ വീടുകള്‍ വെള്ളത്തിലാകുകയും ചെയ്യുന്നു. കുടാതെ പ്ലാന്റിന്റെ ചുറ്റുമതിലുകളാകെ ബലക്ഷയം വന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. പ്ലാന്റില്‍ നിന്നുള്ള ജലംപുറത്തേക്ക് ഒഴുകുന്നത് സമീപവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം യു പ്രതിഭാഹരി എംഎല്‍എ പ്ലാന്റും, സമീപ പ്രദേശത്തെ വീടുകളുംസന്ദര്‍ശിച്ചു.
പ്ലാന്റിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കിയ എംഎല്‍എ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് തേടുമെന്ന് പറഞ്ഞു. ജലവിഭവവകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റിപോര്‍ട്ട് ലഭിച്ചാലുടന്‍ പ്ലാന്റിന്റെ ശോചനീയാവസ്ഥ ജലവിഭവമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും പ്രതിഭാഹരി എംഎല്‍എ പറഞ്ഞു. സമീപവാസികളുടെ വീടുകളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിന് അടിയന്തിരമായി പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനും എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top