ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ; കംപ്യൂട്ടര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം

കടുത്തുരുത്തി: ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കംപ്യൂട്ടര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളും വിലപ്പെട്ട രേഖകളുടെയും നാശനഷ്ടം. ജലവിഭവ വകുപ്പിന്റെ കടുത്തുരുത്തി ഓഫിസിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായത്.
മൂന്നു ദിവസക്കാലമായി പെയ്യുന്ന കനത്ത മഴയില്‍ ഓഫിസില്‍ വെള്ളം കയറി കംപ്യൂട്ടറുകളും നിരവധി രേഖകളും നശിക്കുകയായിരുന്നു. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം നിറഞ്ഞൊഴുകുന്ന ചുള്ളിത്തോടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഇറിഗേഷന്‍ ഓഫിസ് പരിസരത്ത്  വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞപ്പോള്‍ വെള്ളം കയറി തുടങ്ങിയിരുന്നു.
വെള്ളം കയറുമെന്ന ധാരണയുണ്ടായിട്ടും ജീവനക്കാര്‍ കംപ്യൂട്ടറുകളും മറ്റ് രേഖകളും നനയാതെ ഇവിടെ നിന്നു മാറ്റുകയോ, നനയാതിരിക്കാനോ മറ്റു മാര്‍ഗങ്ങളോ സ്വീകരിച്ചിരിന്നില്ല.
ശനിയാഴ്ച്ച വെള്ളം കൂടി ഓഫിസ് മുങ്ങുന്ന അവസ്ഥയിലെത്തുമ്പോള്‍ നാട്ടുകാര്‍ ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവുമുണ്ട്.
ഇന്നലെ രാവിലെ 11ഓടെ ഉദ്യോസ്ഥര്‍ ഓഫിസിലെത്തിയപ്പോള്‍ രേഖകളും കംപ്യൂട്ടറുകളുമെല്ലാം വെള്ളത്തില്‍ നിന്ന് എടുത്ത് മേശപ്പുറത്ത് വെയ്ക്കുകയായിരുന്നു. വെള്ളം കയറിയെന്ന് മനസ്സിലാക്കി ഇവിടെ ആരെങ്കിലും എത്തിയിരുന്നെങ്കില്‍ നാട്ടുകാര്‍ സഹായിക്കുമായിരുന്നെന്നും നിരുത്തരവാദപരമായി സമീപനം സ്വീകരിച്ചതിന്റെ ഫലമായി പൊതുമുതല്‍ നശിച്ചതിനെതിരേ ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് പരാതിക്കൊരുങ്ങുകയാണ് നാട്ടുകാര്‍. പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു സോഷ്യല്‍ മീഡിയായില്‍ വെള്ളം കയറിയ ജലസേചന വകുപ്പിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.

RELATED STORIES

Share it
Top