ജലപാനം

ദാഹിച്ചാല്‍ വെള്ളം കുടിക്കണം. ഒരുപാട് ദാഹിച്ചാല്‍ ഒരുപാട് വെള്ളം കുടിക്കണം. ദാഹമുണ്ടെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, ആവശ്യത്തിനു വെള്ളം കുടിച്ചുവെന്ന് എങ്ങനെയാണ് ശരീരം മനസ്സിലാക്കുന്നത്?
ദാഹം എന്ന പ്രക്രിയയുടെ പിന്നിലുള്ളത് രക്തത്തിലെ ജലത്തിന്റെ അംശം കുറയുന്നതാണ്. വിവരം തലച്ചോറിലെ സെല്ലുകളില്‍നിന്നാണ് ശരീരത്തിലെ ബന്ധപ്പെട്ട ഘടകങ്ങള്‍ അറിയുന്നത്. അതിന്റെ ഫലമാണ് തൊണ്ടയിലെ വരള്‍ച്ചയും മറ്റു പ്രതികരണങ്ങളും.
എന്നാല്‍, കുടിച്ച വെള്ളം നേരെ പോവുന്നത് രക്തത്തിലേക്കല്ല. അതു വയറ്റിലാണ് എത്തുന്നത്. അവിടെ നിന്ന് രക്തത്തിലേക്ക് എത്തിച്ചേരാന്‍ ചുരുങ്ങിയത് 10-15 നിമിഷമെങ്കിലും വേണമെന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത്രയും നേരം ആരും വെള്ളം കുടിച്ചുകൊണ്ടേയിരിക്കാറില്ല.
അപ്പോള്‍ എങ്ങനെയാണു തലച്ചോറിലെ ബന്ധപ്പെട്ട കോശങ്ങള്‍ വെള്ളം ശരീരത്തില്‍ എത്തിയെന്നു തിരിച്ചറിയുന്നത്. കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ടെക്‌നോളജിയിലെ ഡോ. ഒാക്കയും വിനീത് അഗസ്തിനും ചേര്‍ന്നു നടത്തിയ പരീക്ഷണത്തില്‍ കണ്ടത്, വെള്ളം കുടിക്കുന്ന രീതിയാണ് തലച്ചോറിലെ കോശങ്ങള്‍ക്കു വിവരം നല്‍കുന്നതെന്നാണ്. കടുത്ത ദാഹമുള്ളയാള്‍ കുടുകുടാ വെള്ളം കുടിക്കും. ആ പ്രക്രിയയില്‍നിന്നാണ് കാര്യങ്ങള്‍ ഭദ്രം എന്ന സൂചന തലച്ചോറിനു ലഭിക്കുന്നത്. അതോടെ നിര്‍ത്താനുള്ള സന്ദേശവും പുറത്തുവരുകയായി. വെള്ളംകുടി സമയത്ത് നിര്‍ത്തിയിട്ടില്ലെങ്കിലും പ്രശ്‌നമാണ്. അമിത ജലപാനം ആപത്തുണ്ടാക്കും. മരണകാരണം പോലുമാവാമെന്ന് ഗവേഷകര്‍.

RELATED STORIES

Share it
Top